വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ റിലീസിനൊരുങ്ങുകയാണ്. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രത്തിൽ ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിലെ വൻ താരങ്ങളാണ് അതിഥി വേഷങ്ങളിലെത്തുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കണ്ണപ്പയുടെ ബജറ്റും താരങ്ങളുടെ പ്രതിഫലവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
100 കോടി ബജറ്റിലാണ് കണ്ണപ്പ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കണ്ണപ്പയിലൂടെ തെലുങ്കിലേക്ക് എത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാർ ശിവന്റെ വേഷത്തിലാണ് എത്തുക. കഥാപാത്രത്തിനായി നടൻ ആറ് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ട്.
കിരാതയെന്ന കഥാപാത്രമായി എത്തുന്ന മോഹൻലാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് വിഷ്ണു മഞ്ചു നേരത്തെ പറഞ്ഞിരുന്നത്. രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിനെപ്പോലെ പ്രഭാസം പ്രതിഫലം കൈപ്പറ്റിയിട്ടില്ല.
തിന്നൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിഷ്ണു മഞ്ചു അവതരിപ്പിക്കുന്നത്. കാജൽ അഗർവാളാണ് ചിത്രത്തിൽ പാർവതിയുടെ വേഷത്തിലെത്തുന്നത്. വിഷ്ണു, കാജൽ എന്നിവരുടെയടക്കം മറ്റു താരങ്ങളുടെയൊന്നും പ്രതിഫല തുക പുറത്തുവിട്ടിട്ടില്ല.
ജൂൺ 27ന് റിലീസാകുന്ന ചിത്രം 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.