ചെറുപ്പമായി തോന്നിപ്പിക്കാനുള്ള ഡീ-ഏജിംഗിനുള്ള പണമൊന്നും കയ്യിലില്ല, ഭാരം കുറയ്ക്കാൻ നിരവധി ഡയറ്റീഷ്യൻമാരെ സമീപിച്ചു, ഒടുവിൽ ആ രീതി ഫലിച്ചു : മാധവൻ

ഫാത്തിമ സന ​​ഷെയ്ഖിനൊപ്പം അഭിനയിക്കുന്ന ‘ആപ് ജൈസ കോയി’ എന്ന ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് നടൻ ആർ. മാധവൻ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വ്യത്യസ്തമായ വിഷയം അവതരിപ്പിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നടന്റെ സ്ക്രീനിലെ യുവത്വം പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ നടൻ ഡീ-ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളിക്കളയുകയാണ് മാധവൻ.

‘എല്ലാവരും ഞാൻ പ്രായം കുറയ്ക്കുന്നതിനായി ഡീ-ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന് ആരോപിക്കുന്നു, എന്നാൽ എനിക്ക് അതിനുള്ള പണമൊന്നും കയ്യിലില്ല. അത് ഇതുവരെ സംഭവിച്ചിട്ടുമില്ല’ ആപ് ജൈസ കോയിയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെ മാധവൻ പറഞ്ഞു.

2016-ൽ സാല ഖഡൂസിനായി തയ്യാറെടുക്കുന്നതിനിടെയുള്ള തന്റെ മുൻകാല അനുഭവങ്ങളെക്കുറിച്ച് നടൻ സംസാരിച്ചു. ‘സാല ഖഡൂസിനായി പരിശീലനത്തിന് പോയപ്പോൾ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് നേടാനും എങ്ങനെ കഴിയുമെന്ന് ഉപദേശിച്ച നിരവധി ആളുകളെയും നിരവധി ഡയറ്റീഷ്യൻമാരെയും ഞാൻ സമീപിച്ചു. എന്ത് ഭക്ഷണക്രമം പിന്തുടരണം, ഏത് സമയം കഴിക്കണം, അങ്ങനെ പലതും… പക്ഷേ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല’.

ഒരു പഴയകാല ഫിറ്റ്നസ് വിദഗ്ദ്ധനെ കണ്ടുമുട്ടിയതിനു ശേഷമാണ് തനിക്ക് വ്യക്തത ലഭിച്ചതെന്നും മാധവൻ പങ്കുവെച്ചു. ശരീരഭാരം കുറയ്ക്കണമെങ്കിൽ കുറച്ച് ഭക്ഷണം കഴിച്ചാൽ മതി എന്നാണ് അദ്ദേഹം നേരിട്ട് ഉപദേശം നൽകിയത്. നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ശരിക്കും വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും ഈ രീതി ഫലപ്രദമാവുകയും ചെയ്തതായി നടൻ പറഞ്ഞു.

ജൂലൈ 11 ന് ഒടിടിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ‘ആപ് ജൈസ കോയി’. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിൽ 40 വയസ്സുള്ള ഒരു സംസ്കൃത അധ്യാപകനായാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.

Read more