പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ‘ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’ക്ക് പ്രദര്‍ശനാനുമതി ഇല്ല. മുംബൈയിൽ നടന്ന പ്രിവ്യൂവിന് ശേഷമാണ് സെൻസർ ബോർഡിന്റെ തീരുമാനം. വിവാദത്തെ തുടർന്ന് സിനിമ വീണ്ടും സെൻസർ ബോർഡിന്റെ പ്രിവ്യൂവിന് മുന്നിലെത്തി. ഇതിലും ജാനകി എന്ന പേര് മാറ്റണമെന്നാവർത്തിക്കുകയാണ് സെൻസർ ബോർഡ്.
ഇക്കഴിഞ്ഞ ദിവസമാണ് സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തി സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാൽ ഇന്ന് നടന്ന റിവൈസിങ് കമ്മിറ്റിയിലും വീണ്ടും ജാനകി എന്ന പേര് മാറ്റണമെന്നാവർത്തിക്കുകയാണ് സെൻസർ ബോർഡ്.
ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും 96 ഇടങ്ങളിലും കട്ട് വേണമെന്നും സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചു. അതേസമയം വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പ്രതികരിച്ചു.സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.