ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

ഒരു കാലത്ത് മലയാളസിനിമയിൽ നിറഞ്ഞ് നിന്ന നടിയായിരുന്നു മോനിഷ. ചെറുപ്രായത്തിൽ തന്നെ അഭിനയരം​ഗത്ത് സജീവമായിരുന്ന നടി ഏവരുടെയും ഇഷ്ടനായിക കൂടിയായിരുന്നു. തന്റെ 21-ാമത്തെ വയസിൽ ഒരു കാർ ആക്‌സിഡന്റിലാണ് മോനിഷ ഈ ലോകത്തോട് വിട പറ‍ഞ്ഞത്. ഇപ്പോഴിതാ തന്നിലെ അഭിനയമോഹം മോനിഷയിലൂടെ സാക്ഷാത്കരിച്ചതിനെക്കുറിച്ച് കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു അമ്മ ശ്രീദേവി ഉണ്ണി.

കുട്ടിക്കാലത്തേ എനിക്ക് അഭിനേത്രിയാകണമെന്നാണ് മോഹം. മോനിഷ തു‌ട‌ങ്ങിയ ശേഷമാണ് എനിക്ക് സമാധാനമായത്. എന്റെ പ്രതിഫലനം അവളിൽ കണ്ടു. അവളിലൂടെ ഞാൻ തൃപ്തയായി. മോനിഷയ്ക്ക് അതറിയാം. അമ്മയുടെ ആറ്റിറ്റ്യൂഡും പിആർ വർക്കുമാണ് സിനിമയ്ക്ക് ബെസ്റ്റ്. എന്റെയല്ല എന്ന് എപ്പോഴും പറയും. ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്. എപ്പോഴും ഞാനത് ഓർക്കും. അഭിനയിക്കണമെന്ന് എനിക്ക് ശാസനയും കൂടി തന്നതല്ലേ.

കുട്ടിക്കാലം മുതൽ ഞാൻ എന്നെ സിനിമയിൽ വിടൂ എന്ന് പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും പിന്നാലെ നടന്നതാണ്. അന്ന് അമ്മ പറഞ്ഞത് നീ വലുതായിട്ട് നിനക്ക് പെൺകുട്ടിയുണ്ടായാൽ അവളെ നീ സിനിമയിൽ വിടുമോയെന്ന് ഞാനൊന്ന് നോക്ക‌ട്ടെ എന്നാണ്. മോൾ അഭിനയിക്കാൻ തു‌ടങ്ങിയപ്പോൾ ഞാൻ ഇത് അമ്മയോ‌ട് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞത് അത് അവളുടെ അച്ഛൻ തീർച്ചയാക്കിയിട്ടുണ്ടാകും. എനിക്ക് വിരോധമില്ലെന്നാണ്. ആ ക്രെഡിറ്റ് മുഴുവൻ അച്ഛന് കൊടുത്തു  എന്നും ശ്രീദേവി ഉണ്ണി പറയുന്നു.

Read more