ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ബഹിരാകാശത്ത് ചരിത്ര നിമിഷം രചിച്ച് ആക്‌സിയം 4 ദൗത്യ സംഘം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ചരിത്രത്തിലാദ്യമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ നിലയത്തില്‍ എത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ഡ്രാഗണ്‍ പേടകം നിലയത്തിലെ ഹാര്‍മണി മോഡ്യൂളുമായി വിജയകരമായി ഡോക്ക് ചെയ്തു.

വൈകുന്നേരം 5. 46ഓടെയാണ് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ശുഭാംശു ഉള്‍പ്പെടെയുള്ള നാലംഗ സംഘമുള്ള ക്രൂ ഡ്രാഗണ്‍ പേടകവുമായി സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01 ന് ആണ് വിക്ഷേപിച്ചത്.

അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നായിരുന്നു വിക്ഷേപണം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നതുവരെ ശുഭാംശുവിനായിരുന്നു പേടകത്തിന്റെ നിയന്ത്രണം.രാകേഷ് ശര്‍മ്മയ്ക്കുശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനാണ് ശുഭാംശു.

Read more

41 വര്‍ഷം മുമ്പായിരുന്നു രാകേഷിന്റെ യാത്ര. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ചരിത്രദൗത്യവും ഇന്ന് ശുഭാംശു സ്വന്തമാക്കും. മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സങ്കേതികകാരണങ്ങളാല്‍ ഏഴുതവണയാണ് മാറ്റിവച്ചത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.