പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ പരാതി. എറണാകുളം സ്വദേശിയായ അബ്ദുള്ള സയാനി ആണ് പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയില്‍ വെച്ചാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ്. അങ്ങേര്‍ടെ ബാപ്പ മോത്തിലാല്‍ നെഹ്‌റുവിന്റെ ബാപ്പ മുസല്‍മാനാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കും. പെരയ്ക്കകത്ത് അഞ്ച് നേരം നിസ്‌കരിക്കും. എംഎം മത്തായിയുടെ പുസ്തകം വായിച്ച് നോക്കൂ അപ്പോള്‍ മനസിലാകുമെന്നും പിസി പറഞ്ഞു.
ഇവിടുത്തെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കണക്കാണ്. രണ്ടും രാജ്യദ്രോഹികളാണ്. രണ്ടിനെയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിലെ പാവം ജനങ്ങള്‍ അവര്‍ എല്‍ഡിഎഫിലും യുഡിഎഫിലും മാറിമാറി നില്‍ക്കുകയാണ്. രണ്ട് കൂട്ടരോടൊപ്പവും നിന്ന് വിവരം പഠിച്ചയാളാണ് താന്‍. അതുകൊണ്ടാ പറഞ്ഞത് രണ്ടും കള്ളന്മാരാണ്. രണ്ടിനെയും ഇല്ലാതാക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും പിസി ആരോപിച്ചു.
Read more
ഇതേ തുടര്‍ന്നാണ് അബ്ദുള്ള സയാനി പരാതിയുമായി രംഗത്തെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിച്ചുവെന്നും മതസ്പര്‍ദ്ധയും വിദ്വേഷവും വളരുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുന്‍കാലങ്ങളിലും പി.സി.ജോര്‍ജ് സമാന പരാമര്‍ശങ്ങള്‍ നടത്തിയതായി പരാതിയില്‍ പറയുന്നു. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നാണ് പരാതി.