നിങ്ങള്‍ ശ്രദ്ധിച്ചുവോ? എത്രപെട്ടെന്നാണ് ലോകം ആണവ യുദ്ധത്തെക്കുറിച്ച്, ആണവ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വഴിമാറിയത്.
2011ന് ജാപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളിലെ പൊട്ടിത്തറികള്‍ക്ക് ശേഷം ആണവ സാങ്കേതിക വിദ്യകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയില്ലെന്ന് തീരുമാനിച്ച ലോക ബാങ്കും ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കും ആ തീരുമാനം റദ്ദു ചെയ്തിരിക്കുന്നു. ആണവോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുമെന്നാണ് അവരുടെ പുതിയ തീരുമാനം.
ആണവായുധങ്ങളുടെ വ്യാപനം തടയുന്നത് ശക്തമാക്കുന്നതിനായുള്ള ന്യൂക്ലിയര്‍ നോണ്‍ പ്രോളിഫറേഷന്‍ ട്രീറ്റി കൂടതല്‍ ശക്തമാക്കുകയും ഈ കരാറില്‍ അഡീഷണല്‍ പ്രോട്ടോകോളുകള്‍ ഉള്‍പ്പെടുത്തി ആണവോര്‍ജ്ജ പദ്ധതികളെ അന്താരാഷ്ട്ര ആണവ പരിശോധകരുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത് 2015ല്‍ ആയിരുന്നു.
എന്നാല്‍ വളരെ പെട്ടെന്ന് കാര്യങ്ങള്‍ തലകീഴായ് മറിയാന്‍ തുടങ്ങിയിരിക്കുന്നു. ആണവ യുദ്ധത്തെക്കുറിച്ച് ഭരണാധികാരികള്‍ സംസാരിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍, യുക്രൈന്‍-റഷ്യ യുദ്ധത്തില്‍, ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ ഒക്കെയും ആണവ ഭാഷയിലാണ് ഭരണാധികാരികളുടെ സംസാരമെന്ന് നാം കാണുന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ പരിണതഫലമെന്ന നിലയില്‍ പ്രതീക്ഷിക്കപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരിക്കുന്നു. ഇന്റര്‍നാഷണല്‍ ആറ്റമിക് ഏജന്‍സിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കാനുള്ള തീരുമാനം ഐകകണ്ഠേനയാണ് ഇറാന്‍ പാര്‍ലമെന്റ് കൈക്കൊണ്ടിരിക്കുന്നത്.
‘ആണവായുധ നിര്‍വ്യാപന കരാറിലുള്ള ഞങ്ങളുടെ അംഗത്വത്തിന് സൈനിക ആക്രമണത്തില്‍ നിന്നോ സാമ്പത്തിക ഉപരോധങ്ങളില്‍ നിന്നോ ഞങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പ്രായോഗികമായി പരിശോധനയ്ക്കും നിരന്തരമായ ഭീഷണിക്കും ഒരു ഉപകരണമായി മാറുന്നുണ്ടെങ്കില്‍, അതില്‍ തുടരുന്നതിന് എന്താണ് ന്യായീകരണം?” എന്നാണ് ഇറാന്റെ ചോദ്യം.
അമേരിക്കയെ ലക്ഷ്യമാക്കിയുള്ള ആണവായുധങ്ങള്‍ ഘടിപ്പിച്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ആണവ സാങ്കേതിക വിദ്യകള്‍ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.
Read more
അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 100 ഗിഗാവാട്ട് വൈദ്യുതി ആണവോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ ആണവോര്‍ജ്ജ പരിപാടി ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ ആണവ മത്സരത്തിന് പിന്നിലെ കാരണങ്ങളെന്താണ്? കാലാവസ്ഥാ പ്രതിസന്ധികളടക്കമുള്ള പുതുകാല പ്രതിസന്ധികള്‍ ഇതിനെ എങ്ങിനെ ബാധിക്കും? കാര്‍ബണ്‍ പുറന്തള്ളലിനെതിരായ യുദ്ധത്തില്‍ ആണവ സാങ്കേതികവിദ്യ എത്രമാത്രം സഹായകമാകും?