സംസ്ഥാനത്തെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്കയെന്ന് വിലയിരുത്തല്‍. യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആഭ്യന്തര വിഷയമായിരുന്നു മുട്ട ക്ഷാമം. മുട്ടയ്ക്ക് മുന്നില്‍ യുഎസ് മൂക്കുകുത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നിന്ന് വ്യാപകമായി അമേരിക്കയിലേക്ക് മുട്ട കയറ്റി അയയ്ക്കാന്‍ തുടങ്ങിയത്.
കേരളത്തിലേക്ക് മുട്ട പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. എന്നാല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി തമിഴ്‌നാട് വ്യാപകമാക്കിയതോടെ സംസ്ഥാനത്ത് മുട്ട ക്ഷാമം ഉടലെടുത്തിട്ടുണ്ട്. മുട്ടയ്ക്ക് വില വര്‍ദ്ധിക്കാനും ഇത് കാരണമായെന്നാണ് വിലയിരുത്തല്‍. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്തത്.
കപ്പല്‍ മാര്‍ഗം 21 കണ്ടെയ്നറുകളിലായി അമേരിക്കയിലേക്ക് മുട്ട കയറ്റി അയച്ചു. ഓരോ കണ്ടെയ്‌നറുകളിലും 4.75 ലക്ഷം മുട്ടകളാണുള്ളത്. തൂത്തുക്കുടിയിലെ വിഒസി തുറമുഖം വഴിയാണ് മുട്ടകയറ്റുമതി. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നത്.
യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ നിരവധി രാജ്യങ്ങളിലേക്കും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് പ്രതിമാസം ഏകദേശം 200 ദശലക്ഷം മുട്ടകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. താരതമ്യേന വലിയ വിപണിയായ യുഎസിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത് കര്‍ഷകര്‍ക്ക് നേട്ടമായിട്ടുണ്ട്.
Read more
ബ്രസീല്‍, തുര്‍ക്കി, കാനഡ, ചൈന, ബെല്‍ജിയം, യുകെ തുടങ്ങിയ പ്രധാന മുട്ട കയറ്റുമതി രാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച പക്ഷിപ്പിനി കാരണമാണ് ഇന്ത്യയില്‍ നിന്ന് മുട്ട കയറ്റുമതിക്ക് അവസരം ലഭിച്ചത്. കര്‍ശനമായ പരിശോധനക്ക് ശേഷം മാത്രമേ ഇന്ത്യയില്‍ നിന്നുള്ള മുട്ട യുഎസില്‍ സ്വീകരിക്കുകയുള്ളൂ.