മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

മലയാളികൾ കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ് എന്നും  നടൻ മാധവ് സുരേഷ്. മലയാളികൾ കഴിവുള്ളവരെ ആദ്യം അംഗീകരിക്കില്ലെന്നും അവരെ കൂവി ഓടിക്കുമെന്നും സൈബർ ആക്രമണം കാരണം തെലുങ്കിലേക്ക് പോയ അനുപമ പിന്നീട് അവിടെ തിരക്കുള്ള നടിയായി മാറിയെന്നും മാധവ് പറഞ്ഞു. മറ്റൊരു ഉദാഹരണമാണ് ദുൽഖർ സൽമാനെന്നും മാധവ് കൂട്ടിച്ചേർത്തു. വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

‘ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ വലിയ തരംഗമായി മാറി. എല്ലാവരുടെ ഇടയിലും അനുപമ ക്രഷായി മാറി. ആദ്യത്തെ സിനിമ ഇൻഡസ്ട്രിയിലെ സെൻസേഷണൽ ഹിറ്റായിരുന്നു. എന്നാൽ പിന്നീട് അവർക്ക് നേരെ നടന്നത് എന്താണ്. വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു.

അതിന് ശേഷം അനുപമ മറ്റ് ഭാഷയിലേക്ക് പോയി. തെലുങ്കിൽ അവർക്ക് കൈനിറയെ അവസരങ്ങൾ കിട്ടി. അവിടത്തെ സൂപ്പർസ്റ്റാർ ലെവലിലേക്ക് അനുപമ മാറി. പിന്നീട് ഇപ്പോഴാണ് അവർ മറ്റൊരു മലയാളസിനിമ ചെയ്യുന്നത്. മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്. മറ്റൊരു ഉദാഹരണമായി പറയാൻ കഴിയുന്ന നടനാണ് ദുൽഖർ സൽമാൻ.

എനിക്ക് ആ പേര് പറയാൻ റൈറ്റ്സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെൻഷൻ ചെയ്തത്. സെക്കൻഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുൽഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുൽഖറിനെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി. ഇതാണ് മലയാളികളുടെ സ്വഭാവം. കണ്ണുള്ളപ്പോൾ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക’ എന്നും മാധവ് സുരേഷ് പറഞ്ഞു.

Read more