ലഹരി ഉപയോഗിച്ചതു കൊണ്ട് നല്ല സിനിമയോ നല്ല കലാസൃഷ്ടിയോ സാധ്യമാകില്ലെന്ന് നടൻ പൃഥ്വിരാജ്. ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലഹരി വിരുദ്ധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ . സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ പൃഥ്വിരാജ് സംസാരിച്ചു.
ലഹരി ഉപയോഗിച്ചാലേ ക്രിയേറ്റീവാകാൻ സാധിക്കുകയുള്ളൂ എന്നൊരു ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് കള്ളമാണ്. ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ലെന്നു നടൻ പറഞ്ഞു.
‘സിനിമമേഖലയിൽ, കലാരംഗത്ത് പൊതുവെ ഒരു പ്രതീതി സൃഷ്ടിക്കാൻ അബദ്ധവശാൽ ഞങ്ങളാൽ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ലഹരിപദാർത്ഥങ്ങളെ കാൽപ്പനികവത്കരിച്ചു. ലഹരി ഉപയോഗിച്ചാലേ ക്രിയേറ്റീവാകാൻ സാധിക്കുവെന്ന ധാരണയുണ്ട്. അത് കള്ളമാണ്. ഒരു ലഹരി പദാർത്ഥത്തിന്റേയും സ്വാധീനത്തിൽ ഇവിടെ ഒരു മഹത്കൃതിയും രചിക്കപ്പെട്ടിട്ടില്ല. ഒരു നല്ല സിനിമയും ഇവിടെ എടുത്തിട്ടില്ല’
‘എനിക്ക് തന്നെ അറിയാവുന്ന വലിയ വലിയ എഴുത്തുകാരും സംവിധായകരും, മദ്യാപന ശീലമുള്ളവർ പോലും അത് നിർത്തി വച്ചിട്ടാണ് എഴുതുക. നിങ്ങളോട് എനിക്ക് പറയാനുള്ളത്. ഇത് കൂൾ അല്ല. ഇതിൽ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നുമില്ല’ എന്നും താരം പറയുന്നു.