കുമ്മനത്തിന്റേത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം; വിമർശനവുമായി കടകംപള്ളി

സര്‍ക്കാര്‍ ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നെന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റേത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമെന്ന് കടകംപള്ളി ആരോപിച്ചു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന കുമ്മനത്തിന്റെ പരാമര്‍ശം ശരിയല്ല. ഇത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.

“അത്തരം അഭിപ്രായങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്ന് അറിയില്ല. കാരണം ഇത് തീര്‍ത്ഥാടകരുടെ കേന്ദ്രമാണ്. തീര്‍ത്ഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സവിശേഷമായ വര്‍ഷമാണ്. അത് നമുക്കെല്ലാം അറിയാം. കുമ്മനത്തിന്റെ എല്ലാം ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ല. ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചാരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്‍പമെങ്കിലും കൂറോ താത്പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. ഉണ്ടാകാന്‍ പാടില്ലായിരുന്നു- എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

Read more

അതേസമയം, കോവിഡ് പോസിറ്റീവ് ആയവരെ അവര്‍ വരുന്ന വാഹനത്തില്‍ തന്നെ ശബരിമലയില്‍നിന്ന് തിരിച്ചയക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെ തിരിച്ചയക്കുമെന്നും മന്ത്രി വ്യക്തമാക്കി. അല്ലെങ്കില്‍ സര്‍ക്കാര്‍ അതിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തിരികെ അയക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. എഫ്.എല്‍.ടി.സികളിലേക്ക് പ്രവേശിപ്പിക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. രണ്ട് കോവിഡ് ആശുപത്രികള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും താത്പര്യമുള്ളവര്‍ക്ക് അവിടെ ചികിത്സ തേടാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.