ജ്വല്ലറി ഉടമയിൽ നിന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഭാര്യയയും 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും. ജ്വല്ലറി ഉടമ ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർ ഡ്രാഫ്റ്റ് കുടിശിക ആയപ്പോൾ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്‌തി ഒഴിവാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിടണമെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി കോഴിക്കോട് ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആയിരുന്ന തൃശൂർ പേരിൽചേരി കൊപ്പുള്ളി ഹൗസിൽ കെഎ സുരേഷ് ബാബുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സുരേഷ് കുമാറിൻ്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജി നഗർ കൊപ്പുള്ളി ഹൗസിൽ വിപി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശക്തികുളങ്ങര ജയശങ്കറിൽ ബാലചന്ദ്രക്കുറുപ്പ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
കൊല്ലം ജില്ലയ്ക്കുള്ളിലും പുറത്തും ശാഖകളുണ്ടായിരുന്ന ജ്വല്ലറി ഗ്രൂപ്പിൻ്റെ ഉടമ കൊല്ലം രണ്ടാംകുറ്റി സ്വദേശി അബ്‌ദുൽ സലാം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കൊല്ലം ഈസ്‌റ്റ് പൊലീസ് കേസെടുത്തത്. പൊതുമേഖലാ ബാങ്കിൽ നിന്ന് അബ്‌ദുൽ സലാം എടുത്ത ഓവർ ഡ്രാഫ്റ്റ് വായ്പ 52 കോടിയോളം കുടിശികയായതിനെത്തുടർന്ന്, ജ്വല്ലറി ഉടമയുടെ ഈടുവസ്തുക്കൾ ജപ്‌തി ചെയ്യാൻ ട്രൈബ്യൂണലിനെ ബാങ്ക് സമീപിച്ചിരുന്നു. ഈ സമയത്താണ് രക്ഷകന്റെ വേഷമണിഞ്ഞ് അസിസ്റ്റന്റ് കമ്മീഷണർ എത്തുന്നത്.
Read more
ബാങ്കിലും ജഡ്‌ജി ഉൾപ്പെടെയുള്ളവരിലും സ്വാധീനമുണ്ടെന്നും തുക കുറച്ചു ജാമ്യവസ്‌തുക്കൾ വീണ്ടെടുത്തു നൽകാമെന്നും വിശ്വസിപ്പിച്ചാണു അസി. കമ്മിഷണറും ഭാര്യയും ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി അബ്‌ദുൽ സലാമിനെ സമീപിക്കുന്നത്. പലതവണയായി 2.51 കോടിയും ഇവർ അബ്‌ദുൽ സലാമിൽ നിന്ന് വാങ്ങിയെടുത്തു. ജപ്തി ഒഴിവാക്കാൻ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് അബ്ദുൽ സലാം പരാതിയുമായി രംഗത്തെത്തിയത്.