എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിൽ അത് പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ് ലഭ്യമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
അതേസമയം ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ആശമാർക്ക് 1000 രൂപയാണ് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു. അതേസമയം പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.







