'ആനി രാജയെ പിന്തുണച്ചത് ശരിയായില്ല'; സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഡി. രാജയ്ക്ക് വിമർശനം

ആനി രാജയെ ന്യായീകരിച്ചതിന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് വിമർശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്നാണ് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തൽ. അത്തരത്തിൽ തുടർന്നും ആനി രാജയെ ന്യായീകരിച്ചതിനാണ് ഡി രാജയെ സി പി ഐ വിമർശിച്ചത്.

കേരളത്തിലായാലും ഉത്തര്‍പ്രദേശിലായാലും പൊലീസില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണമെന്നായിരുന്നു ഡി രാജ നടത്തിയ പ്രസ്താവന. സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനങ്ങളെ ദേശീയ എക്‌സിക്യൂട്ടീവില്‍ ആനി രാജ പ്രതിരോധിച്ചതിന് പിന്നാലെയായിരുന്നു ഡി രാജയുടെ പിന്തുണ.

ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് പാര്‍ട്ടി എക്‌സിക്യുട്ടീവ് വിലയിരുത്തിയതാണ്. എന്നാല്‍ ഇതിനുശേഷം ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ആനി രാജയെ പിന്തുണയ്ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത് കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. ഇതിലെ അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉയരുന്നത്.

സംസ്ഥാന നേതൃത്വം പരസ്യമായി തള്ളിയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡി. രാജയുടെ പ്രതികരണം. പൊലീസില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണമെന്നാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു ഡി രാജ വ്യക്തമാക്കിയിരുന്നത്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമര്‍ശം.