നടന്‍ ബാബുരാജ് അറസ്റ്റില്‍

വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയിരുന്നു.

40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങി. സ്ഥാപന ലൈസന്‍സിനായി അരുണ്‍ കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു. എന്നാല്‍, ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.

മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ്. ഇതില്‍ അഞ്ച് കെട്ടിടങ്ങള്‍ക്ക് മാത്രമേ പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ടിട്ടുള്ളൂവെന്നും പരാതിയിലുണ്ട്. ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിന്റെ ആവശ്യം.

Read more

പല അവധികള്‍ പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയിലും അരുണ്‍ കുമാര്‍ കേസ് കൊടുത്തു. കോടതി, അടിമാലി പൊലീസിനോട് വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.