'ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്?', ദുല്‍ഖറിനെ വിമര്‍ശിച്ച് കമന്റ്; മറുപടിയുമായി സൈജു കുറുപ്പ്

ദുല്‍ഖര്‍ സല്‍മാനെ വിമര്‍ശിച്ച് എത്തിയ കമന്റിന് മറുപടിയുമായി സൈജു കുറുപ്പ്. ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ സിനിമയുടെ പുതിയ പോസ്റ്റര്‍ സൈജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാള്‍ വിമര്‍ശനവുമായി എത്തിയത്.

”സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്”എന്നായിരുന്നു കമന്റ്. ദുല്‍ഖര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സൈജു കമന്റിന് മറുപടി നല്‍കിയത്. ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യരുതെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

”സഹോദരാ, നിങ്ങള്‍ പറയുന്നത് തെറ്റാണ്. ദുല്‍ഖര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാത്രമല്ല എന്നെ ആഴത്തില്‍ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രധാന വേഷത്തിലെത്തിയ ‘ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍’ എന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖറാണ്. ഇങ്ങനെയുള്ള കമന്റുകള്‍ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും നിസ്വാര്‍ഥമായി ആളുകളെ സഹായിക്കുന്നു” എന്നാണ് സൈജുവിന്റെ മറുപടി.

Read more

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ഒരുക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുക. തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുക.