എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. വ്യക്തിപരമായി താങ്കളോട് തങ്ങള്‍ക്ക് സ്‌നേഹബഹുമാനങ്ങള്‍ മാത്രമേയുള്ളൂവെന്നും അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു എന്നും പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ പരമോന്നത നീതിപീഠം മുന്‍പാകെ ഉള്ളടക്കം, നടത്തിപ്പ്, കോര്‍പ്പറേറ്റ് ബാധ്യത എന്നിവയുടെ കാര്യത്തില്‍ അടിമുടി ഓഡിറ്റ് ചെയ്യപ്പെട്ട മറ്റൊരു ന്യൂസ് ചാനല്‍ ഇന്ന് ഇന്ത്യയിലില്ല. കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും പൊടിപോലുമില്ലായിരുന്നു അവര്‍ക്ക് കണ്ടുപിടിക്കാന്‍. സുപ്രിംകോടതി മുന്‍പാകെ സര്‍ക്കാര്‍ എത്രകണ്ട് നാണംകെട്ടു എന്നതിന്റെ കൂടി തെളിവാണ് ആ വിധിന്യായം. മാധ്യമ വിമര്‍ശകന്‍ എന്ന നിലയ്ക്ക് താങ്കള്‍ അത് വായിക്കണമെന്നും പ്രമോദ് രാമന്‍ ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
പ്രിയപ്പെട്ട ശ്രീ സ്വരാജ്
മീഡിയവണിനെ താങ്കള്‍ വിശേഷിപ്പിച്ചത് നുണ മാത്രം പറയുന്നവര്‍ എന്നാണ്. ഇന്ത്യാ പാക് സംഘര്‍ഷത്തോട് താങ്കള്‍ സ്വീകരിച്ച യുദ്ധവിരുദ്ധ നിലപാടിനെ വിശകലനം ചെയ്തുകൊണ്ട് പറഞ്ഞ ‘നുണകള്‍’ ഇതോടൊപ്പമുള്ള ലിങ്കില്‍ ഉണ്ട്.
അത് താങ്കള്‍ കണ്ടതുമാണ്. വ്യക്തിപരമായി താങ്കളോട് ഞങ്ങള്‍ക്ക് സ്‌നേഹബഹുമാനങ്ങള്‍ മാത്രമേയുള്ളൂ. അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു എന്ന് മാത്രം.
യോഗ സെന്റര്‍ പ്രശ്‌നം നടക്കുന്ന സമയത്ത് ഞാന്‍ മനോരമ ന്യൂസില്‍ ആയിരുന്നു. വാര്‍ത്ത മനോരമ ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ മീഡിയവണ്‍ ആണ് അത് കൂടുതല്‍ അന്വേഷിച്ചതും പിന്തുടര്‍ന്നതും. അതില്‍ അസാധാരണമായി എന്ത് വിചാരിക്കാനാണ്? വളരെ വ്യക്തതയോടെയാണല്ലോ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. പൊലീസ് വേണ്ടവിധം ജാഗ്രതയോടെ ഇടപെട്ടില്ല എന്ന് താങ്കള്‍ തന്നെ അഭിപ്രായപ്പെടുന്നതും കേട്ടിരുന്നു.
പ്രശ്‌നം എവിടെയാണ്? ഈ വാര്‍ത്ത നല്‍കിയ ദിവസത്തെ ചര്‍ച്ചയ്ക്കിടയില്‍ താങ്കള്‍ പറയുന്നു മീഡിയവണ്‍ ചാനലിന്റെ നിലപാട് എന്താണെന്ന് എനിക്കറിയാം എന്ന്. മണ്ഡലത്തില്‍ നടന്ന ഒരു കുറ്റകൃത്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഇങ്ങനെ പ്രതികരിച്ചതാണ് out of focus ല്‍ ചൂണ്ടിക്കാട്ടിയത്. ഇത് നുണയാണെന്ന് വരുത്താന്‍ 20 ദിവസത്തിന് ശേഷം നടന്ന ചര്‍ച്ചയിലെ താങ്കളുടെ tele-in ആണ് ന്യൂസ് ബുള്ളറ്റ് എന്ന വിഡിയോയില്‍ ഉള്‍പ്പെടുത്തിയത്. അത് ശരിയല്ലല്ലോ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ലല്ലോ. അതുകൊണ്ടാണ് കോപ്പിറൈറ്റ് സ്‌ട്രൈക്ക് ഉപയോഗിച്ചത്. അതിനൊക്കെ വേണ്ടിയാണല്ലോ ഇത്തരം ചട്ടങ്ങള്‍.
ഒരു വാര്‍ത്താവിമര്‍ശന പരിപാടി ചെയ്തുപോന്നിട്ടുള്ള താങ്കള്‍ക്ക് മനസ്സിലാകുമല്ലോ ഒന്നും നോക്കാതെയുള്ള തട്ടിവിടലുകളും അകൗണ്ടബിലിറ്റി ഉറപ്പുവരുത്തിക്കൊണ്ടുള്ള പറച്ചിലും. മീഡിയവണ്‍ ലൈസന്‍സ് വിലക്കിന് എതിരായ കേസിലെ സുപ്രിംകോടതി വിധിയില്‍ ഒരിടത്ത് ഒരു സന്ദര്‍ഭം പറയുന്നുണ്ട്. മീഡിയവണിന്റെ ഉള്ളടക്കം പ്രശ്‌നമാണെന്ന് (താങ്കളെപ്പോലെ??)കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു.
അതിന് എന്താണ് തെളിവെന്ന് കോടതി ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ മറുപടി അവര്‍ ജൂഡീഷ്യറിയെ വിമര്‍ശിക്കുന്നു എന്നായിരുന്നു.
സുപ്രിംകോടതിയുടെ ചോദ്യം : അതുകൊണ്ട്?
കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വിവര്‍ണനായി.
ജുഡീഷ്യറിയെ വിമര്‍ശിക്കുന്നത് ഒരു ചാനലിന് ലൈസന്‍സ് നിഷേധിക്കാന്‍ കാരണമല്ലെന്ന് കോടതി വിധിയില്‍ പറയുന്നു. താങ്കള്‍ മനസ്സിലാക്കണം, രാജ്യത്തിന്റെ പരമോന്നത നീതിപീഠം മുന്‍പാകെ ഉള്ളടക്കം, നടത്തിപ്പ്, കോര്‍പ്പറേറ്റ് ബാധ്യത എന്നിവയുടെ കാര്യത്തില്‍ അടിമുടി ഓഡിറ്റ് ചെയ്യപ്പെട്ട മറ്റൊരു ന്യൂസ് ചാനല്‍ ഇന്ന് ഇന്ത്യയിലില്ല. കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും പൊടിപോലുമില്ലായിരുന്നു അവര്‍ക്ക് കണ്ടുപിടിക്കാന്‍. സുപ്രിംകോടതി മുന്‍പാകെ സര്‍ക്കാര്‍ എത്രകണ്ട് നാണംകെട്ടു എന്നതിന്റെ കൂടി തെളിവാണ് ആ വിധിന്യായം. മാധ്യമ വിമര്‍ശകന്‍ എന്ന നിലയ്ക്ക് താങ്കള്‍ അത് വായിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
താങ്കള്‍ എഴുതിയ പോസ്റ്റിനു കീഴെ എത്ര സഖാക്കള്‍ ‘മീഡിയവണ്‍ നിരോധിക്കണം’ എന്ന, താങ്കളും ഇടതുപക്ഷവും നെഞ്ചുറപ്പോടെ എതിര്‍ക്കുമെന്ന് തെളിയിച്ചിട്ടുള്ള നിലപാട് എഴുതിവച്ചിരിക്കുന്നു എന്നു നോക്കുമല്ലോ പ്രിയപ്പെട്ട സ്വരാജ്.
Read more
പിന്നെ ഞാന്‍ സത്യത്തിനൊപ്പമാണോ നുണയ്‌ക്കൊപ്പമാണോ നില്‍ക്കുന്നത് എന്ന് പത്തു മുപ്പതു വര്‍ഷമായി എന്നെ പരിചയമുള്ള പ്രേക്ഷകര്‍ വിലയിരുത്തട്ടെ.