സാധാരണക്കാരനായി തിരുവനന്തപുരത്ത് വന്ന് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാറുണ്ട്: ജയം രവി

സിനിമയില്‍ എത്തി പ്രശസ്തനാകുന്നതിന് മുമ്പ് പലതവണ ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്ന് നടന്‍ ജയം രവി. ‘ഇരൈവന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

”സിനിമ എന്നത് ഒരിക്കലും പഠിച്ചുതീരാത്ത വലിയൊരു പാഠമാണ്. എന്റെ സിനിമാബോധത്തിന് തെളിച്ചം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച ഒന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ പലതവണ ഞാന്‍ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്.”

”അന്നൊക്കെ ഞാന്‍ ഒട്ടും പ്രശസ്തനല്ലാത്തതു കൊണ്ട് സാധാരണക്കാരനെപ്പോലെ വന്ന് സിനിമകള്‍ കാണാന്‍ സാധിച്ചിരുന്നു. ഞാന്‍ എന്നും സിനിമയുടെ ആരാധകനും വിദ്യാര്‍ഥിയുമാണ്. തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കേരളത്തില്‍ ചിലവഴിച്ച ദിനങ്ങളൊക്കെ രസകരമായിരുന്നു.”

”കേരളത്തില്‍ വരുമ്പോഴൊക്കെ തീരപ്രദേശത്തേക്ക് പോകാനാണ് കൂടുതല്‍ ഇഷ്ടം. കേരളത്തിന്റെ തീരസൗന്ദര്യം എത്ര നുകര്‍ന്നാലും മതിവരില്ല” എന്നാണ് ജയംരവി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മലയാള സിനിമകളോടുള്ള ഇഷ്ടത്തെ കുറിച്ചും ജയം രവി സംസാരിക്കുന്നുണ്ട്.

കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് എന്നീ സിനിമകള്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. പ്രേമം എന്ന മലയാളസിനിമകണ്ട ഞാന്‍ ലൂസിഫര്‍ എന്ന സിനിമ കണ്ടപ്പോള്‍ മലയാളസിനിമയുടെ വൈവിധ്യ ലോകത്തെപ്പറ്റിയാണ് ആലോചിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമകണ്ട് ഞാന്‍ ഏറെ ത്രില്ലടിച്ചിട്ടുണ്ട് എന്നും ജയം രവി വ്യക്തമാക്കി.