'വിജയ് ഭാവി മുഖ്യമന്ത്രി..'; മധുരയില്‍ നടനായി പോസ്റ്ററുകള്‍, 'ലിയോ' ഓഡിയോ ലോഞ്ച് റദ്ദാക്കിയതില്‍ വിവാദം

വിജയ് ഭാവി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞു കൊണ്ട് പോസ്റ്ററുകള്‍. മധുരയിലാണ് പോസ്റ്ററുകള്‍ എത്തിയത്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’യുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 30ന് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് ഓഡിയോ ലോഞ്ച് നടത്താനിരുന്നത്. എന്നാല്‍ സ്റ്റേഡിയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓഡിയോ ലോഞ്ച് ഉപേക്ഷിക്കുകയായിരുന്നു. ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട് എന്നായിരുന്നു പിന്നീട് എത്തിയ വാര്‍ത്തകള്‍.

ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ഓഡിറ്റോറിയം അനുവദിക്കാത്തതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് മധുരയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകകൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

Read more

വിജയ് ഭാവി മുഖ്യമന്ത്രിയാണ് എന്ന് പറഞ്ഞാണ് പോസ്റ്ററുകള്‍. നെഹ്‌റു സ്‌റ്റേഡിയത്തില്‍ കയറുന്നത് തടയാനായിരിക്കാം, പക്ഷെ മുഖ്യമന്ത്രിയാകുന്നത് തടയാനാകില്ല എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് ഓഡിയോ ലോഞ്ച് മാറ്റിയത് എന്നായിരുന്നു ലിയോയുടെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ വിശദീകരണം.