'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്ന് പറഞ്ഞ എംഎം മണി പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചുവെന്നും ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നുവെന്നുമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എംഎം മണി പറഞ്ഞത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു. എംഎം മണിയുടെ പരാമർശത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ചുവെന്നാരോപിച്ച് നേതാക്കൾ രംഗത്തെത്തിയിരുന്നു. നിരവധി വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്നത്. എന്നാൽ അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല എന്ന നിലപാടിലേക്ക് എംഎം മണി മാറി. തെറ്റുപറ്റിയെന്നും എംഎം മണി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമര്‍ശനമുന്നയിച്ചു. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. അതിനിടെ കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Read more