പൗഡറിന് പിന്നാലെ ഷാംപൂവിലും മാരക രാസസാന്നിധ്യം, ജോൺസൺ ആൻഡ് ജോൺസണ് വീണ്ടും തിരിച്ചടി

ബേബി പൗഡറിന് പിന്നാലെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി ഷാംപുവും പുലിവാല് പിടിക്കുന്നു. രാജസ്ഥാനിലെ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ നടത്തിയ പരിശോധനയിൽ ഉത്പന്നം ഗുണമേന്മ കുറഞ്ഞതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. പരിശോധനയിൽ ഷാംപുവിൽ ഫോർമാൽഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി “ലൈവ് മിന്റ്” റിപ്പോർട്ട് ചെയ്തു. ഇത് കാൻസറിന് കാരണമാകുന്ന രാസപദാർത്ഥമാണ്.

ഇതിനെ തുടർന്ന് മാർച്ച് അഞ്ചിന് അയച്ച ഒരു കത്തിൽ ഷാംപുവിന്റെ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ ഡ്രഗ്സ് കൺട്രോൾ അതോറിറ്റി ആവശ്യപെട്ടിരുന്നു. ഹിമാചൽ പ്രദേശിലെ ബഡി എന്ന സ്ഥലത്താണ് കമ്പനി ഈ ഉത്പന്നം നിർമിക്കുന്നത്.

Read more

എന്നാൽ ഷാംപൂ ഗുണമേന്മയുള്ളതാണെന്നും ഒരു വിധത്തിലും ആരോഗ്യത്തിന് ഹാനികരമല്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. നേരത്തെ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ തുടർന്ന് ഇതിന്റെ വില്പന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. 22 സ്ത്രീകൾക്ക് 470 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിന് അമേരിക്കയിലെ കോടതി വിധിച്ചിരുന്നു.