IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

റിഷഭ് പന്തിനെതിരായ ഇംഗ്ലണ്ടിന്റെ ഷോർട്ട് ബോൾ തന്ത്രങ്ങളിൽ ഇതിഹാസ താരം സുനിൽ ഗവാസ്കർ അസ്വസ്ഥനായി. ഇടത് കൈയിലെ വിരലിന് പരിക്കേറ്റ പന്തിനെ ഇത്തരത്തിൽ ലക്ഷ്യമിട്ടതിന് ഗവാസ്കർ ഇംഗ്ലണ്ടിനെ രൂക്ഷമായി വിമർശിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഏറ് ഋഷഭിന്റെ ഇടതുകൈയിൽ ഒന്നിലധികം തവണ പ്രഹരമേൽപ്പിച്ചു. വിക്കറ്റിന് ചുറ്റും നിന്ന് ചാർജ് ചെയ്ത സ്റ്റോക്സ് പന്തിന്റെ ഇടത് തോളിൽ ബൗൺസറുകൾ ഉപയോഗിച്ച് ആക്രമിച്ചു.

മൂന്നാം ദിവസം രാവിലെ ഇംഗ്ലീഷ് സീമർമാർ എറിഞ്ഞ പന്തുകളിൽ അറുപത് ശതമാനവും ഷോർട്ടായിരുന്നു. മൂന്നാം ദിവസം അതിശയകരമായ നിരക്കിൽ റൺസ് നേടുന്ന ബാറ്റർമാരെ നിശബ്ദരാക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത്. വെല്ലുവിളിയിൽ നിന്ന് പിന്മാറാത്ത ഋഷഭ് പന്തിൽ നിന്ന് ടോപ്പ് എഡ്ജ് ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്റ്റോക്സ് ആറ് ഫീൽഡർമാരെ ലെഗ് സൈഡിൽ നിർത്തി.

ഋഷഭ് പന്തിന് ഇടതുകൈയിൽ രണ്ട് തവണ പരിക്കേൽക്കുകയും ഫിസിയോയിൽ നിന്ന് ചികിത്സ തേടേണ്ടിവരികയും ചെയ്തതിന് ശേഷം, ഗവാസ്കർ ഇംഗ്ലണ്ടിന്റെ തന്ത്രങ്ങൾ സ്പോർട്മാൻ സ്പിരിറ്റിന് നിരാക്കത്തതാണെന്ന് വിശേഷിപ്പിച്ചു. പരിക്കേറ്റ പന്തിനെ ഷോർട്ട് ബോൾ ഉപയോഗിച്ച് ആക്രമിക്കുന്നത് തെറ്റാണെന്നും അവർ ചെയ്യുന്നത് ക്രിക്കറ്റല്ലെന്നും ഗവാസ്കർ പറഞ്ഞു.

“ഇന്ന് എറിഞ്ഞ അമ്പത്തിയാറ് ശതമാനം പന്തുകളും ഷോർട്ട് ആയിരുന്നു. ബൗൺസറിനായി കാത്തിരിക്കുന്ന നാല് ഫീൽഡർമാർ അവർക്കുണ്ട്. എന്റെ അഭിപ്രായത്തിൽ അത് ക്രിക്കറ്റല്ല. വെസ്റ്റ് ഇൻഡീസ് ഷോർട്ട് ബോൾ ചെയ്യുമ്പോൾ, ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ മാത്രം എന്ന നിയമം അവർ കൊണ്ടുവന്നു. അത് വെസ്റ്റ് ഇൻഡീസിന്റെ ശക്തിയെ നിയന്ത്രിക്കാനായിരുന്നു”, ഗവാസ്കർ മൂന്നാം ദിവസത്തെ കമന്ററിയിൽ പറഞ്ഞു.

Read more

“ഇപ്പോൾ ബൗൺസറുകൾ എറിയപ്പെടുന്നത് നമ്മൾ കാണുന്നു. ക്രമീകരിച്ച ഫീൽഡ് നോക്കൂ. ഇത് ക്രിക്കറ്റല്ല. ലെഗ് സൈഡിൽ ആറിൽ കൂടുതൽ ഫീൽഡർമാർ ഉണ്ടാകരുത്. ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ സൗരവ് ഗാംഗുലി ഇത് നിരീക്ഷിക്കുകയാണെങ്കിൽ, അടുത്ത തവണ ആറിൽ കൂടുതൽ ഫീൽഡർമാരെ ലെഗ് സൈഡിൽ നിലനിർത്താൻ സാധിക്കില്ലെന്ന് ഉറപ്പാക്കുക, “അദ്ദേഹം കൂട്ടിച്ചേർത്തു.