അദാനിയുടെ ഓഹരികളില്‍ ആവേശത്തോടെ പച്ചപുതച്ച് കാളകള്‍ ഇറങ്ങി; പിന്നാലെ കുതിച്ച് മൂന്നു ബാങ്കുകളും എല്‍ഐസിയും; അടിത്തറയിട്ട് വന്‍മുന്നേറ്റം

അദാനി ഗ്രൂപ്പിന്റെ മുന്നേറ്റത്തിന്റെ കരുത്തില്‍ കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. ഓഹരി വിപണി തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സും നിഫ്റ്റിയും വന്‍ കുതിപ്പാണ് കാഴച്ചവെയ്ക്കുന്നത്. വെള്ളിയാഴ്ച്ചത്തെ കുതിപ്പ് നിലനിര്‍ത്തിയാണ് ഇന്നു ഓഹരിവപണി മുന്നേറുന്നത്.

ഓഹരി വിപണയില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം നടത്തുന്ന അഞ്ച് ഓഹരികളും അദാനി ഗ്രൂപ്പിന്റേതാണ്. അദാനി എന്റര്‍പ്രൈസ്സിന്റെ ഓഹരി 11.31 ശതമാനം ഉയര്‍ന്ന് 2090 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. രണ്ടാം സ്ഥാനത്തുള്ളത് അദാനി ട്രാന്‍സ്മിഷനാണ്. ഇതിന്റെ ഓഹരി അഞ്ച് ശതമാനം ഉയര്‍ന്ന് 781 രൂപയിലാണ് എത്തിയിരിക്കുന്നത്. അപ്പര്‍ സര്‍ക്യൂട്ട് അടിച്ചിട്ടുണ്ട് ഈ ഓഹരി.

ഓഹരി വിപണിയില്‍ മൂന്നാം സ്ഥാനത്ത് കുതിക്കുന്നത് അദാനി ഗ്രൂപ്പിന്റെ തയന്നെ ഗ്രീന്‍ എനര്‍ജിയാണ്. 4.99 ശതമാനമാണ് ഓഹരി ഉയര്‍ന്നിരിക്കുന്നത്. 589 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. നാലാം സ്ഥാനത്തുള്ളത് അദാനി പോര്‍ട്ടാണ്. 3.26 ശതമാനമാണ് ഈ ഓഹരി ഉയര്‍ന്നിരിക്കുന്നത്. 707 രൂപയിലാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

അഞ്ചാം സ്ഥാനത്തുള്ള അദാനി വില്‍മറിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് അടിച്ചിട്ടുണ്ട്. 439 രൂപയിലാണ് ഓഹരി ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പിന്റെ മറ്റൊരു ഓഹരിയായ എന്‍ഡിടിവിയും വന്‍ കുതിപ്പാണ് ഓഹരി വിപണിയില്‍ നടത്തുന്നത്. അഞ്ച് ശതമാനം ഉയര്‍ന്ന് 231 രൂപയിലാണ് ഇപ്പോള്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. അദാനിയുടെ ഓഹരികള്‍ കുതിച്ചതോടെ ഗ്രൂപ്പിന് വായ്പ നല്‍കിയിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും ഇന്ന് ഉയര്‍ന്നിട്ടുണ്ട്.

അദാനി ഗ്രൂപ്പ് പ്രൊമോട്ടര്‍ കുടുംബം ഓഹരി വിറ്റ് 187 കോടി ഡോളര്‍ സമാഹരിച്ചതു ഗ്രൂപ്പിലെ വിശ്വാസം ബലപ്പെടുത്തിയിട്ടുണ്ട്. അദാനി നില മെച്ചപ്പെട്ടത് ഗ്രൂപ്പില്‍ ഗണ്യമായ നിക്ഷേപമുള്ള എല്‍ഐസിക്ക് ആശ്വാസമായി. എല്‍ഐസിയുടെ 30,000 ല്‍ പരം കോടി രൂപയുടെ നിക്ഷേപം ഇപ്പാേള്‍ 3,100 കോടി രൂപയുടെ ലാഭത്തിലാണ്.