ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സിനിമയിൽ എത്തിയതിന് പിന്നാലെ താൻ നേരിട്ട ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ച് മനസ് തുറന്ന് നടി ബനിത സന്ധു. ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ തന്നെ കാണാൻ കൊള്ളില്ലെന്നും ചുള്ളിക്കമ്പ് പോലെയുണ്ടെന്നുമുള്ള കമന്റുകളാണ് നേരിടേണ്ടി വന്നതെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ബനിത പറഞ്ഞു.

‘ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ ആളുകൾ എന്നെ ബോഡി ഷെയിം ചെയ്തു. ഞാൻ ചുള്ളിക്കമ്പ് പോലെയിരിക്കുന്നെന്നും എന്നെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഇത്ര മെലിഞ്ഞ ഒരു നായികയോട് നായകന് എങ്ങനെ പ്രണയം തോന്നി? എന്നൊക്കെ അന്ന് കമന്റുകൾ വന്നിരുന്നു. ബോഡി ഷെയിമിം​ഗ് നേരിട്ട എന്റെ ആദ്യത്തെ അനുഭവമായിരുന്നു അത്.

അതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ വളർന്നു വന്ന സംസ്കാരം ഇങ്ങനെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് അതിൽ വലിയ വിഷമം തോന്നിയിരുന്നില്ല. ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അതിനെ അങ്ങനെയേ കണ്ടിരുന്നുള്ളൂ. അതൊന്നും മനസ്സിലേക്ക് എടുത്തിട്ടില്ല’ നടി പറഞ്ഞു.

ധ്രുവ് വിക്രം നായകനായ ആദിത്യ വർമയാണ് ബനിത അഭിനയിച്ച ഒരേയൊരു സൗത്ത് ഇന്ത്യൻ ചിത്രം. ‘ഡിറ്റക്റ്റീവ് ഷെർഡിൽ’ ആണ് ബനിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more