ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി യുഎസ് കൂടി ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തില്‍ പങ്കാളിയായതോടെ പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാനക്കമ്പനികള്‍. വിമാനങ്ങളുടെ സഞ്ചാരദിശകള്‍ ട്രാക്ക് ചെയ്യുന്ന ഫ്ളൈറ്റ് റഡാര്‍ 24 എന്ന വെബ്സൈറ്റ് ‘പശ്ചിമേഷ്യയുടെ ആകാശം നിലവില്‍ ശൂന്യമാണ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാന്‍, ഇറാഖ്, സിറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ സഞ്ചരിക്കുന്നില്ലെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇസ്രയേലും ഇറാനും പരസ്പരമുള്ള മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിമാനങ്ങള്‍ ഈ വ്യോമമേഖല ഒഴിവാക്കുന്നതെന്ന് ഫ്ളൈറ്റ് റഡാര്‍ 24 എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
മേഖലയില്‍ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം കൂടിയായതോടെ വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും പശ്ചിമേഷ്യയിലെ പ്രധാന വ്യോമപാതകള്‍ ഒഴിവാക്കിയ മട്ടാണ്. കാസ്പിയന്‍ കടലിന് മീതെയോ ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെയോ വ്യോമപാതയിലൂടെയാണ് വിമാനങ്ങള്‍ സഞ്ചരിക്കുന്നത്. ഈ പാതകള്‍ ചെലവേറിയതാണ്. കൂടുതല്‍ ഇന്ധനച്ചെലവും കൂടുതല്‍ സഞ്ചാരസമയവുമുള്‍പ്പെടെ വിമാനക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത് എങ്കിലും യുദ്ധ മേഖല ഒഴിവാക്കുകയാണ് എയര്‍ലൈനുകള്‍.
Read more
ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷ മേഖലകളിലെ മിസൈല്‍, ഡ്രോണുകളുടെ ആക്രമണം വിമാന ഗതാഗതത്തിന് ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നതിനാല്‍ ഇറാന്‍- ഇസ്രയേല്‍ ഇറാഖ് മേഖലകള്‍ ഒഴിവാക്കപ്പെടുകയാണ് യുദ്ധ സാഹചര്യത്തില്‍. ജൂണ്‍ 13 ന് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ചതിനുശേഷം, സംഘര്‍ഷ ബാധിത രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചു.സംഘര്‍ഷപ്രദേശത്തു നിന്ന് സ്വന്തം പൗരരെ ഒഴിപ്പിക്കുന്നതിനുള്ള വിമാനങ്ങള്‍ മാത്രമാണ് പല രാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഇറാന്‍ മുതല്‍ അസര്‍ബൈജാന്‍ വരെയുള്ള പ്രദേശത്തുനിന്ന് 16 ജപ്പാന്‍ പൗരന്‍ ഉള്‍പ്പെടെ 21 പേരെ ഒഴിപ്പിച്ചതായി ജപ്പാന്‍ വിദേശകാര്യമന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഇത് രണ്ടാമത്തെ ദൗത്യമാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ രക്ഷാദൗത്യങ്ങള്‍ നടപ്പിലാക്കുമെന്നും ജപ്പാന്‍ വ്യക്തമാക്കി. ഇന്ത്യയും ഓപ്പറേഷന്‍ സിന്ധു എന്ന പേരില്‍ സംഘര്‍ഷബാധിതപ്രദേശത്തുനിന്ന് പൗരരെ രാജ്യത്ത് തിരികെയെത്തിക്കുന്ന ദൗത്യം തുടരുകയാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ചില ഒഴിപ്പിക്കല്‍ വിമാനങ്ങളടക്കം ചില ക്യാരിയറുകള്‍് കുടുങ്ങിക്കിടക്കുന്ന ഇസ്രായേലികളെ അടക്കം നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നിരുന്നത് മാത്രമാണ് വിമാനകമ്പനികളുടെ ആകാശയാത്രകള്‍.