സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പുതിയ സിനിമ ജെഎസ്‌കെക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK എന്ന് പറഞ്ഞ സന്ദീപ് ജി വാര്യർ സമാനമായ വിലക്ക് ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങൾക്കും ആർഎസ്എസുകാരെ കുത്തിനിറച്ച സെൻസർ ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണ്. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK . ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങൾക്കും സമാനമായ വിലക്ക് ആർഎസ്എസുകാരെ കുത്തിനിറച്ച സെൻസർ ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയും ബിജെപി ടിക്കറ്റിൽ ജയിച്ച എംപിയുമായിട്ടും സുരേഷ് ഗോപി അഭിനയിച്ച സിനിമക്ക് പോലും ഈ കയ്പ് നിറഞ്ഞ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളും ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഫാസിസ്റ്റ് തേർവാഴ്ച എത്രത്തോളം ഉണ്ടാകും ?
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം

Read more