35 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടു പോയ തന്‍റെ പിഞ്ചുകുഞ്ഞിനായി ഈ അമ്മ ഇപ്പോഴും കാത്തിരിക്കുന്നു

അഞ്ജാതയായ സ്ത്രീ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ മോഷ്ടിച്ച് കടന്നു കളഞ്ഞിട്ടും മുപ്പത്തഞ്ച് വര്‍ഷത്തിന് ശേഷവും നടുക്കം വിട്ടുമാറാതെ മകളെ കാത്തിരിക്കുന്ന ഒരമ്മ. 1983 ഡിസംബര്‍ രണ്ടിനായിരുന്നു ഏപ്രില്‍ നിക്കോള്‍ വില്യംസ് എന്ന മൂന്നരമാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നഷ്ടപ്പെട്ടു പോയത്. എലിനര്‍ വില്യംസ് കുഞ്ഞിനെ നഷ്ടപ്പെട്ട ആ ദിവസത്തെ നശിച്ച ദിവസമെന്നാണ് അടയാളപ്പെടുത്തുന്നത്.

ഹൃസ്വദൂര യാത്രയ്ക്കായി വാഹനം കാത്ത് നില്‍ക്കുകയായിരുന്നു എലനോറും മകളും. അപ്പോള്‍ ഒരു സ്ത്രീ അടുത്ത് വന്ന് സംസാരിച്ചു. 5 അടി മൂന്ന് ഇഞ്ചോളം പൊക്കം വരുന്ന സ്ത്രീ അവരെതന്നെ പരിചയപ്പെടുത്തിയത് ലട്ടോയ എന്നാണ്. ആ പേര് വ്യാജമായിരിക്കാം എന്ന് എലിനോര്‍ തന്നെ ഇപ്പോള്‍ പറയുന്നു. കുഞ്ഞിനെക്കുറിച്ചും ചോദിച്ചു. കുഞ്ഞിനോട് വാത്സല്യം പ്രകടിപ്പിച്ച അവര്‍ കുഞ്ഞിനെ അല്‍പ്പസമയം കയ്യിലെടുത്തോട്ടെയെന്ന് ചോദിച്ചു.

 

കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയ വില്യംസ് അനുവദിച്ചു. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റാന്‍ ഒരുങ്ങിയപ്പോള്‍ വില്യംസ് വളരെ ക്ഷീണിതയാണല്ലോ ഞാന്‍ മാറ്റിത്തരാമെന്ന് ആ സ്ത്രീ പറഞ്ഞു. അവരില്‍ മറ്റ് സംശയങ്ങളൊന്നും തോന്നാതിരുന്നതിനാല്‍ അതിന് അനുവദിക്കുകയും ചെയ്തു. കുഞ്ഞിനെയുംകൊണ്ട് ശുചിമുറിയിലേക്ക് പോയ സ്ത്രീ പിന്നെ തിരികെ വന്നില്ല. അവര്‍ കുഞ്ഞിനെയും കൊണ്ട് കടന്ന് കളഞ്ഞതാണെന്ന് പിന്നീടാണ് വില്യംസ് മനസിലാക്കിയത്. അപരിചിതയായ സ്ത്രീയുടെ കയ്യില്‍ സ്വന്തം കുഞ്ഞിനെ ഏല്‍പ്പിച്ചു എന്ന തന്റെ തെറ്റുകൊണ്ടാണല്ലോ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് ഓര്‍ത്ത് വില്യംസ് ഇന്നും ദുഖിക്കുന്നു.

കുഞ്ഞ് നഷ്ടപ്പെട്ട് പോയ വേദനയില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. പക്ഷെ, കുഞ്ഞ് എന്നെങ്കിലും തിരിച്ചു വന്നാലോ എന്ന പ്രതീക്ഷയില്‍ ജീവിക്കാന്‍ തീരുമാനിച്ചു.

1983ലെ ആ സംഭവത്തെക്കുറിച്ച് എലനോര്‍ അധികം ആരോടും പറഞ്ഞിട്ടില്ല. പൊലീസിന് പരാതി നല്‍കി നിയമവഴിയിലൂടെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ആ പ്രതീക്ഷകള്‍ ഇപ്പോള്‍ ഈ അമ്മയ്ക്കുള്ളത് സോഷ്യല്‍ മീഡിയയിലൂടെയാണ്. തന്റെ കഥ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടാല്‍ ഇത് വായിക്കുന്ന ആരെങ്കിലും തന്നെ സഹായിച്ചാലോ എന്നതാണ് ഈ അമ്മയുടെ പ്രതീക്ഷ ഇപ്പോള്‍. മാധ്യമങ്ങളിലൂടെ പരമാവധി ഇക്കാര്യം പ്രചരിപ്പിക്കണമെന്നാണ് എലനോറിനോട് പൊലീസ് ഉദ്യോഗസ്ഥരും നല്‍കുന്ന ഉപദേശം.

കുട്ടിയെ നഷ്ടപ്പെട്ട ദിവസം പൊലീസ് നടത്തിയ തിരച്ചിലില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ത്രീയുടേതിന് സമാനമായ മുഖമുള്ള സ്ത്രീയെ കണ്ടതായി മൊഴികള്‍ കിട്ടിയിരുന്നു. ഇവരുടെ മൊഴി അനുസരിച്ച് അവര്‍ പോകാന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഏപ്രിലിനെ നഷ്ടപ്പെട്ടതിന് ശേഷം അവളുടെ ജനനതിയതി എലനോര്‍ മറ്റ് കുട്ടികളെയും ഭര്‍ത്താവിനെയുമൊക്കെ മാറ്റി നിര്‍ത്തി ഒറ്റയ്ക്ക് ഇരിക്കും. ഏപ്രിലിന്റെ ഫോട്ടോയും നെഞ്ചോട് ചേര്‍ത്ത് കരയുകയാണ് അവര്‍ ചെയ്യുന്നത്. തന്റെ കൈയബദ്ധം കൊണ്ട് നഷ്ടപ്പെട്ട് പോയ കുഞ്ഞിനെ ഓര്‍ത്ത്.

ഏപ്രില്‍ വളര്‍ന്ന് ഇന്ന് ഏതാണ്ട് ഇതുപോലെ ഇരിക്കുമെന്നാണ് പൊലീസ് തയാറാക്കിയിരിക്കുന്ന സ്‌കെച്ച്.

ഏപ്രിലിനെ തട്ടിക്കൊണ്ട് പോയ സ്ത്രീയുടെ രേഖാചിത്രം