''പെണ്ണുള്ളിടത്തു പെണ്‍വാണിഭം ഉണ്ടാകും'' എന്ന് ഇ.കെ നായനാര്‍ ഇന്നായിരുന്നു പറയുന്നതെങ്കിലോ?

ഹരി മോഹൻ

“”പെണ്ണുള്ളിടത്തു പെണ്‍വാണിഭം ഉണ്ടാകും”” എന്ന് ഇ.കെ നായനാര്‍ ഇന്നായിരുന്നു പറയുന്നതെങ്കിലോ?

ഒരാള്‍ ഇന്നു ചോദിച്ചതാണ്. സോഷ്യല്‍ മീഡിയയോ ഓഡിറ്റിങ്ങോ ഇല്ലാതിരുന്ന ഒരുകാലത്തു പത്രത്തലക്കെട്ടുകളിലും, കൂടിപ്പോയാല്‍ ദൂരദര്‍ശനിലും ഏഷ്യാനെറ്റിലും വരുന്ന വാര്‍ത്തകളില്‍ കൂടിയും അന്നത്തെ പൊതുസമൂഹം കാണുകയും ചിരിച്ചു തള്ളുകയും ചെയ്ത നായനാരുടെ സ്വതസിദ്ധമായ ശൈലിയിലുള്ള പരാമര്‍ശത്തെ എത്രപേര്‍ സ്ത്രീവിരുദ്ധമായി അന്നു കണ്ടു എന്നറിയില്ല. പക്ഷേ ഒരു കാര്യമുറപ്പാണ്. നായനാര്‍ ഇന്നാണതു പറഞ്ഞതെങ്കില്‍ ഓഡിറ്റിങ്ങുണ്ടാകുമായിരുന്നു. സിന്ധു ജോയ് അഭിസാരികയല്ല എന്ന് വി.എസിനോടു പറയാന്‍ ന്യൂനപക്ഷമെങ്കിലും ഉണ്ടാകുമായിരുന്നു.

പക്ഷേ അതവിടെ തീരുന്ന ഒരു പ്രത്യേകതരം ഓഡിറ്റിങ്ങാണ്. രമേശ് ചെന്നിത്തലയോടു പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാന്‍ എന്തു യോഗ്യത എന്നു ചോദിച്ചവര്‍, നായനാരോടും വി.എസിനോടും മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ എന്തു യോഗ്യത എന്നൊരിക്കലെങ്കിലും ചോദിക്കുമായിരുന്നോ? അവിടെയാണ് നായനാര്‍ വഴി വി.എസില്‍ കൂടി വിജയരാഘവനിലും മണിയിലുമെത്തി രമയെ വെര്‍ബല്‍ റേപ്പ് നടത്തുന്ന സൈബര്‍ ഗ്രൂപ്പുകളിലേക്കു വഴിഞ്ഞൊഴുകുന്ന പ്രിവിലേജിനെ കുറിച്ചു പറയേണ്ടി വരുന്നത്.

ഓളെ പഠിപ്പിച്ചത് വെറുതെയായെന്ന സ്ത്രീവിരുദ്ധത കെ. സുധാകരന്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാണ്. പക്ഷേ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയ രമ്യാ ഹരിദാസിന് എന്താണു സംഭവിച്ചതെന്നു കൂലംകഷമായി ചിന്തിക്കാന്‍ വിജയരാഘവനൊപ്പം അണിനിരന്ന ഒരു ഭൂരിപക്ഷമുണ്ടായിരുന്നു. അതിനിയുമുണ്ടാകും. കാട്ടില്‍ കുടിയും മറ്റേപ്പണിയുമുണ്ടായിരുന്നു, അതിനു നിങ്ങള്‍ക്കെന്താ എന്ന് മണിയുടെ മുഖത്തു നോക്കി ചോദിക്കാന്‍ കഴിയാതെ, പകരം നാടന്‍ ഭാഷയുടെ ടെര്‍മിനോളജി ബോദ്ധ്യപ്പെടുത്താന്‍ രണ്ടുദിവസം അവധിയെടുത്ത് സോഷ്യല്‍ മീഡിയയിലിരുന്ന ലിബറല്‍ ടീമുകളും മാധ്യമ പ്രവര്‍ത്തകരും ഇനിയുമുണ്ടാകും.

മേഴ്സിക്കുട്ടിയമ്മയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട പോലുള്ള ഹാഷ്ടാഗുകള്‍ കെ.കെ രമയുടെ ജീവിത്തിലുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ഹനാനു വേണ്ടിയുണ്ടായ കാമ്പയിനുകള്‍ ചിത്രലേഖയ്ക്കു വേണ്ടിയുണ്ടാകുമോ? എ.കെ.ജിയെ കുറിച്ച് ബല്‍റാം നടത്തിയ പരാമര്‍ശത്തില്‍ ആശങ്കപ്പെട്ടവര്‍ പാലക്കാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയ്ക്കു വേണ്ടി ആശങ്കപ്പെട്ടതായി കണ്ടിട്ടുണ്ടോ? തീവ്രത കുറഞ്ഞ പീഡനം നടത്താന്‍ കഴിയുന്ന പ്രത്യേകതരം ജീവിയായി പി.കെ ശശി മാറുന്നതെന്തു കൊണ്ടാണ്? ഉത്തരേന്ത്യയിലെ റേപ്പ് കേസുകളുടെ കൃത്യം കണക്കുകള്‍ കൈവശം വെച്ച് നീതിക്കു വേണ്ടി തെരുവിലിറങ്ങിയവര്‍ക്ക് വാളയാറിലെ സഹോദരിമാരെ കുറിച്ചു കേള്‍ക്കുമ്പോള്‍ ചെവിയടയുന്നതു യാദൃച്ഛികമാണോ? പ്രതിപക്ഷ നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോടു കാണിക്കുന്ന രോഷം പാലത്തായിയിലെത്തുമ്പോള്‍ വനിതാ ശിശുക്ഷേമ മന്ത്രി എവിടെയാണ് ഒളിപ്പിച്ചു വെയ്ക്കുന്നത്? This is called privilege (ഇതിനെ പ്രത്യേകാവകാശം എന്ന് വിളിക്കുന്നു).

അവിടെയാണ് എന്തുകൊണ്ട് രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ നേതാവ് പ്രധാനപ്പെട്ടതാകുന്നു എന്നു പറയേണ്ടി വരിക. നായനാരിലും വി.എസിലും വിജയരാഘവനിലും മണിയിലുമൊന്നും കാണാത്ത മാന്യത 2020-ല്‍ ഒരാള്‍ക്കുണ്ടായിരിക്കുന്നു. തന്റെ പരാമര്‍ശം എന്തായിരുന്നുവെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാന്‍ കാണിക്കുന്ന രാഷ്ട്രീയജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. നായനാരതു തുടങ്ങി വെച്ചിരുന്നെങ്കില്‍ ഈ പട്ടിക ചെന്നിത്തല വരെ നീളില്ലായിരുന്നു. ആ രാഷ്ട്രീയ ബോദ്ധ്യം എന്നേ കീഴ്‌വഴക്കമാകുമായിരുന്നു.

ഖേദം പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹമിട്ട പോസ്റ്റില്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയ ഒരു കാര്യമുണ്ട്. “”എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോദ്ധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.””

അതിനു കാരണം സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങളുടെ കൂട്ടത്തിലില്ലാത്ത, അതേസമയം മറ്റു പലരും ഉയര്‍ത്തിക്കാണിച്ച ഒരു കാര്യമാണ്. അന്നാലോചിച്ചിട്ടുണ്ട്, എന്തുകൊണ്ടാണു പ്രതിപക്ഷ നേതാവ് വീണയെ കുറിച്ചു സംസാരിക്കാത്തത് എന്ന്. സ്വപ്ന കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം മീഡിയാ അറ്റന്‍ഷന്‍ കിട്ടുമായിരുന്നു, മുഖ്യമന്ത്രിയുടെ മകളെ ടാര്‍ഗറ്റ് ചെയ്തു സംസാരിച്ചിരുന്നുവെങ്കില്‍. എത്രമേല്‍ ഫാക്ടുണ്ടായിട്ടും സ്പ്രിങ്ക്ളറിന്റെ മെറിറ്റും സാങ്കേതികതയും പൊതുസമൂഹത്ത ബോദ്ധ്യപ്പെടുത്തുക എന്നുള്ളതില്‍ പ്രതിപക്ഷം വിജയിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. അങ്ങനെയിരിക്കെ, വീണയില്‍ ഫോക്കസ് ചെയ്യുന്നില്ല അദ്ദേഹമെന്നതു നോക്കുക.

ഒരു കാര്യമുറപ്പാണ്. രമേശ് ചെന്നിത്തലയുടെ ഖേദവും പിന്‍വലിച്ച വാക്കും കേരളാ രാഷ്ട്രീയചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാകും. സ്ത്രീവിരുദ്ധര്‍ പോലും സ്ത്രീവിരുദ്ധതയോടെ സംസാരിക്കുന്നതിനു മുമ്പ് ഒരു വട്ടമെങ്കിലും ആലോചിക്കും.

Read more

അഭിവാദ്യങ്ങള്‍, നായനാരാവാത്തതിന്, വി.എസാകാതിരുന്നതിന്. ചരിത്രം ചിലപ്പോഴൊക്കെ തിരുത്തുക, നമ്മള്‍ അത്രമേല്‍ പരിഹസിച്ചവരാകും, എഴുതിത്തള്ളിയവരാകും.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)