പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ ഇന്ത്യാ തലവനുമായിരുന്ന ആകാര്‍ പട്ടേല്‍ ഇക്കഴിഞ്ഞ ദിവസം ‘ഡെക്കാന്‍ ക്രോണിക്ക്‌ളി’ല്‍ എഴുതിയ ലേഖനമാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ തത്വശാസ്ത്രമായി അംഗീകരിച്ചിട്ടുള്ള ‘ഇന്റഗ്രല്‍ ഹ്യൂമനിസം’ അഥവാ ‘ഏകാത്മ മാനവവാദ’ത്തെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്.
ആര്‍എസ്എസ്സുകാരനായ ദീന്‍ ദയാല്‍ ഉപാധ്യായ തയ്യാറാക്കിയ ഇന്റഗ്രല്‍ ഹ്യൂമനിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ തത്വശാസ്ത്രമായി അംഗീകരിച്ചിട്ടുള്ളത്. എന്നുമാത്രമല്ല, ബിജെപി ഭരണഘടന (ആര്‍ട്ടിക്ക്ള്‍ 3) അനുസരിച്ച് പാര്‍ട്ടി അംഗങ്ങള്‍ ഈ അടിസ്ഥാന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്ന് പ്രതിജ്ഞയെടുക്കേണ്ടതുമുണ്ട്.
ആര്‍എസ്എസ്സ് മുഖപത്രമായ ‘പാഞ്ചജന്യ’ത്തില്‍ പത്രപ്രവര്‍ത്തക ജോലി ചെയ്തിരുന്ന ദീന്‍ ദയാല്‍ 1965 ഏപ്രില്‍ 22-നും 25-നും ഇടയില്‍ മുംബൈയില്‍ നടത്തിയ നാല് പ്രഭാഷണങ്ങളുടെ സങ്കലനമാണ് ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന ബിജെപി രാഷ്ട്രീയ തത്വശാസ്ത്രം.
ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവവാദത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുംമുമ്പ് എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളോട് ഒരഭ്യര്‍ത്ഥനയുള്ളത്, എപ്പോഴെങ്കിലും നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ രാജീവ് ചന്ദ്രശേഖര്‍ തൊട്ട് അമിത് ഷാ വരെയുള്ളരോട് ഭാരതീയ ജനതാപാര്‍ട്ടിയുടെ രാഷ്ട്രീയ തത്വശാസ്ത്രമായ ഏകാത്മമാനവവാദം എന്താണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടണമെന്നാണ്. ഇനി നമുക്ക് ദീന ദയാലന്റെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്താണെന്ന് നോക്കാം. ദീന്‍ ദയാല്‍ തന്റെ പ്രഭാഷണത്തില്‍ പറയുന്നു:
”ഭാരതം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ദേശീയ സ്വത്വം അവഗണിക്കുന്നതാണ്. രാഷ്ട്രം ഒരു വ്യക്തിയെപ്പോലെയാണ്, അതിന്റെ സ്വാഭാവിക സഹജാവബോധം അവഗണിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്താല്‍ അത് രോഗബാധിതമാകും. സ്വാതന്ത്ര്യം ലഭിച്ചിട്ടും, വികസനം സാക്ഷാത്കരിക്കാന്‍ ഇന്ത്യ ഏത് ദിശയിലേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. സംസ്‌കാരം പ്രകടിപ്പിക്കാനുള്ള ഉപകരണമാണെങ്കില്‍ മാത്രമേ സ്വാതന്ത്ര്യം അര്‍ത്ഥവത്താകൂ. ഇന്ത്യന്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, -സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ – താല്‍ക്കാലിക വിഷയങ്ങളിന്മേലാണ്; കാരണം, പാശ്ചാത്യ ശാസ്ത്രത്തോടൊപ്പം സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സിദ്ധാന്തങ്ങളെയും വീക്ഷിക്കുന്നതിനുള്ള ഒരു പാശ്ചാത്യ രീതി ഇന്ത്യ സ്വീകരിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ക്ക് പാശ്ചാത്യവല്‍ക്കരണം പുരോഗതിയുടെ പര്യായമായിരുന്നു. എന്നിരുന്നാലും, നമുക്ക് ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. കാരണം ഇവ അടിസ്ഥാനപരമായി പാശ്ചാത്യ ആദര്‍ശങ്ങളായിരുന്നു. അവയെല്ലാം പരസ്പരം സംഘര്‍ഷത്തിലുമായിരുന്നു. ഈ പ്രത്യയശാസ്ത്രങ്ങള്‍ സാര്‍വത്രികമായിരുന്നില്ല. ഈ സിദ്ധാന്തങ്ങള്‍ക്ക് ജന്മം നല്‍കിയ സവിശേഷ ജനതയുടെയും സംസ്‌കാരങ്ങളുടെയും പരിമിതികളില്‍ നിന്ന് അവ മുക്തമായിരുന്നില്ല. പ്രാദേശിക രോഗങ്ങള്‍ക്ക് പ്രാദേശിക പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ആയുര്‍വേദം പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിന് ലോകത്തിന് ഒരു പരിഹാരം നല്‍കാന്‍ കഴിയുമോ?”
”ഭാരതീയ സംസ്‌കാരം ആത്മാവിന്റെ രക്ഷയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും ശരീരം, മനസ്സ്, ബുദ്ധി എന്നിവയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പൊതുവെ കരുതപ്പെടുന്നു. പക്ഷേ അത് അസത്യമാണ്. ഭാരതീയ സംസ്‌കാരത്തില്‍ ധര്‍മ്മത്തിന് പ്രഥമ സ്ഥാനം നല്‍കിയിട്ടുണ്ട്. ശാശ്വതവും സാര്‍വത്രികമായി ബാധകവുമായ പ്രകൃതി നിയമമാണ് ധര്‍മ്മം. എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയേക്കാള്‍ ഉയര്‍ന്നതാണ് ധര്‍മ്മം, അത് ജനങ്ങളെക്കാള്‍ ഉയര്‍ന്നതുമാണ്. ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്ന ‘മതേതരത്വം’, ‘മതനിരപേക്ഷത’ എന്നീ വാക്കുകള്‍ തെറ്റും മോശവുമാണ്. കാരണം ധര്‍മ്മം രാഷ്ട്രത്തിന് ആവശ്യമായ ഒരു വ്യവസ്ഥയാണ്.
മതത്തില്‍ അധിഷ്ഠിതമല്ലാത്തത് അസ്വീകാര്യമാണ്, അതുകൊണ്ടുതന്നെ മതേതരത്വം വികലമായ ആശയമാണ്. ദേശീയ ഐക്യം ഇന്ത്യയുടെ ധര്‍മ്മമാണ്, അതിനാല്‍ വൈവിധ്യം പ്രശ്നം സൃഷ്ടിക്കുന്നു. ഇക്കാരണങ്ങളാല്‍, ഇന്ത്യയുടെ ഭരണഘടന ഫെഡറല്‍ എന്നതില്‍ നിന്ന് കേന്ദ്രീകൃതമായി മാറ്റേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണ അധികാരങ്ങള്‍ ഉണ്ടാകരുത്; കേന്ദ്രത്തിന് മാത്രമായിരിക്കണം ആ അധികാരം. വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള സംഘര്‍ഷം അധഃപതനത്തിന്റെയും വികലതയുടെയും അടയാളമാണ്.”
”വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള ശത്രുതാപരമായ ബന്ധത്തെ പുരോഗതിക്ക് കാരണമായി കാണുന്ന പാശ്ചാത്യ ലോകവീക്ഷണം തെറ്റായിരുന്നു. വ്യക്തി ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയാല്‍ നിര്‍മ്മിതമാണ്. ഒരു മനുഷ്യന്‍ ഒരു ആത്മാവോടെയാണ് ജനിക്കുന്നത്. വ്യക്തിത്വം, ആത്മാവ്, സ്വഭാവം എന്നിവ പരസ്പരം വ്യത്യസ്തമാണ്. വ്യക്തിയുടെ ആത്മാവിനെ വ്യക്തി ചരിത്രം ബാധിക്കില്ല. അതുപോലെ, ദേശീയ സംസ്‌കാരത്തെ ചരിത്രം നിരന്തരം പരിഷ്‌കരിക്കുന്നു.”
”സംസ്‌കാരത്തില്‍ നല്ലതും പ്രശംസനീയവുമായി കരുതപ്പെടുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നു, പക്ഷേ അവ ദേശീയ ആത്മാവായ ‘ചിതിയെ’ (പ്രജ്ഞ) ബാധിക്കുന്നില്ല. ഇന്ത്യയുടെ ദേശീയ ആത്മാവ് അടിസ്ഥാനപരവും കേന്ദ്രീകൃതവുമാണ്. സാംസ്‌കാരിക പുരോഗതിയുടെ ദിശ ‘ചിതി'(പ്രജ്ഞ) നിര്‍ണ്ണയിക്കുന്നു. സംസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കേണ്ടവയെ അത് ഫില്‍ട്ടര്‍ ചെയ്യുന്നു. സമൂഹങ്ങള്‍ സജീവമാണ്. ഒരു സമൂഹത്തിന് ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുണ്ട്. ചില പാശ്ചാത്യര്‍ ഈ സത്യം അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. സംഘത്തിന് (ഴൃൗീു) മനസ്സ് ഉണ്ടെന്നും, ഒരു വ്യക്തിയെപ്പോലെ തന്നെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും സ്വന്തം രീതികളുണ്ടെന്നും പാശ്ചാത്യ ചിന്തകരില്‍ ഒരാളായ വില്യം മക്ഡൗഗല്‍ പറയുന്നു.”
”ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം, ശരീരത്തെ ധര്‍മ്മം നേടാനുള്ള ഒരു ഉപകരണമായി മാത്രമേ നാം കണക്കാക്കുന്നുള്ളൂ എന്നതാണ്. ധര്‍മ്മം, അര്‍ത്ഥം (പണം), കാമം (ആനന്ദം), മോക്ഷം (വിമോചനം) എന്നിവയ്ക്കായിരുന്നു നമ്മുടെ ശ്രമങ്ങള്‍. ഇവ നാലെണ്ണത്തെയും വെവ്വേറെ പരിഗണിക്കുക എന്നതായിരുന്നു പാശ്ചാത്യര്‍ ചെയ്ത തെറ്റ്. നിങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കും, പക്ഷേ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കില്ല. യുണൈറ്റഡ് സ്റ്റേറ്റ്‌സിന് രാഷ്ട്രീയ സ്വാതന്ത്ര്യവും സമ്പത്തും ഉണ്ടായിരുന്നു. പക്ഷേ ആത്മഹത്യയുടെയും മാനസിക രോഗികളുടെയും എണ്ണത്തിലും അവര്‍ ഒന്നാമതെത്തി. ഇത് അമ്പരപ്പിക്കുന്നതായിരുന്നു- അപ്പവും വോട്ടവകാശവും ഉണ്ടായിരുന്നു, പക്ഷേ സമാധാനമോ സന്തോഷമോ ഇല്ല. ഏകാത്മ മാനവനെക്കുറിച്ച് അവര്‍ ചിന്തിച്ചിട്ടില്ലാത്തതിനാല്‍ അമേരിക്കയില്‍ സുഖനിദ്ര വിരളമായിരുന്നു. ‘സത്യസന്ധതയാണ് ഏറ്റവും നല്ല ബിസിനസ് നയം’ എന്ന് അമേരിക്കക്കാരും ‘സത്യസന്ധതയാണ് ഏറ്റവും നല്ല നയം’ എന്ന് യൂറോപ്യന്മാരും പറഞ്ഞു. എന്നാല്‍ ഇന്ത്യക്കാര്‍ ‘സത്യസന്ധത ഒരു നയമല്ല, മറിച്ച് ഒരു തത്വമാണ്’ എന്ന് പറഞ്ഞു.”
ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവവാദത്തിനകത്തുതന്നെയുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ച് നമുക്ക് പിന്നീട് പരിശോധിക്കാം. വ്യക്തിയുടെ ആത്മീയ സത്തയെ പരിപോഷിപ്പിക്കാനായി ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയില്‍ ബിജെപി എന്തുചെയ്യുന്നുവെന്നും നിലവില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഭരണത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ദീന ദയാലന്റെ ഇന്റഗ്രല്‍ ഹ്യൂമനിസത്തെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്നും വിലയിരുത്തുന്നത് രസകരമായിരിക്കും.
(തുടരും)
Read more
കെ.സഹദേവന്‍
——