ജയസൂര്യ- മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിന്റെ ആട് 3യ്ക്കായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഷാജി പാപ്പന്റെയും ടീമിന്റെയും മൂന്നാം വരവിൽ വലിയ പ്രതീക്ഷകളാണ് എല്ലാവർക്കുമുളളത്. ആദ്യ രണ്ട് ഭാഗങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. മൂന്നാം ഭാഗം ഈ വർഷം ഡിസംബറിൽ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആട് 3യുടെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണെന്നാണ് വിവരം. അതേസമയം ആട് മൂന്നാം ഭാഗം ഏത് വിഭാഗത്തിൽപ്പെടുന്ന ചിത്രം ആയിരിക്കുമെന്ന് പറയുകയാണ് നടൻ സൈജു കുറുപ്പ്.
അടുത്തിടെ മൂന്നാം ഭാഗം സോംബി ചിത്രമായാണ് ഒരുങ്ങുന്നതെന്നും അതല്ല ടൈം ട്രാവൽ ആണ് സിനിമയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ സിനിമയെ കുറിച്ചുളള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായ അറക്കൽ അബുവിനെ അവതരിപ്പിക്കുന്ന നടൻ. ടൈം ട്രാവൽ വിഭാഗത്തിലാണ് ആട് 3 ഒരുങ്ങുന്നതെന്നും രണ്ട് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് സിനിമയുടേതെന്നും സൈജു കുറുപ്പ് പറഞ്ഞു.
Read more
‘വളരെ രസകരമായ സിനിമയായിരിക്കും മൂന്നാം ഭാഗം. ആദ്യ രണ്ട് ഭാഗങ്ങളും ആളുകൾ കണ്ട് വളരെയധികം രസിച്ചു. മൂന്നാം ഭാഗവും ആളുകളെ ഒരുപാട് ചിരിപ്പിക്കും. ആളുകളുടെ പ്രതീക്ഷയ്‌ക്കും മുകളിൽ സിനിമ വരുമെന്നാണ് പ്രതീക്ഷ’, സൈജു കുറുപ്പ് പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളേക്കാൾ കൂടിയ ബജറ്റിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.









