'മെസ്സ്യേ ഇന്ന് മിന്നിച്ചേക്കണേ'; പ്രാര്‍ത്ഥനയോടെ ആരാധകര്‍, തോറ്റാല്‍ മടങ്ങാം

ഇന്നത്തെ പോളണ്ടിനെതിരായ മത്സരഫലത്തിലൂടെയാവും ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഭാവി നിശ്ചയിക്കപ്പെടുക. പോളണ്ടിനോട് തോല്‍ക്കേണ്ടി വന്നാല്‍ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പോലും കാണാതെ അര്‍ജന്റീന പുറത്താവുകയെന്നത് ആരാധകര്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കാത്തതാണ്. അതിനാല്‍ തന്നെ ഫുട്‌ബോള്‍ മുഴുവന്‍ ഏറെ ആകാംക്ഷയിലാണ്.

ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. സൗദിക്കൊപ്പം മൂന്ന് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. ജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനയ്ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അപ്പോള്‍ സൗദി, മെക്‌സിക്കോ മത്സരഫലത്തെ ആശ്രിയിച്ചാവും അര്‍ജന്റീനയുടെ ഭാവി.

ആദ്യ മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരായ അട്ടിമറി തോല്‍വിക്കു ശേഷം മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ച് അര്‍ജന്റീന കരുത്ത് തെളിയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പ്രതിരോധനിര രണ്ടാം മത്സരത്തില്‍ ഫോമിലായത് അര്‍ജന്റീനയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.

ഇരുടീമും നേര്‍ക്കുനേര്‍ കളിച്ചതു 11 തവണ. 6 തവണ ജയം അര്‍ജന്റീനയ്‌ക്കൊപ്പം. 3 തവണ പോളണ്ട് ജയിച്ചു. 2 മത്സരം സമനിലയായി. രാത്രി 12.30 നാണ് മത്സരം.