ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രായേലില്‍ തിരിച്ചടി. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതിന് പിന്നാലെ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 86 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിലെ ടെല്‍ അവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളില്‍ ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാവിലെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് തരംഗങ്ങളിലായി കുറഞ്ഞത് 27 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെയെല്ലാം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആദ്യ സ്‌ഫോടനത്തില്‍ 22 മിസൈലുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും രണ്ടാമത്തേതില്‍ അഞ്ച് ബോംബുകള്‍ വരെ ഉണ്ടായിരുന്നതായും ഐഡിഎഫ് അറിയിച്ചു.
പൗരന്മാരോട് ബങ്കറുകളില്‍ അഭയം തേടാന്‍ ആവശ്യപ്പെടുകയും രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ചെയ്തു. അതേസമയം, ഇസ്രായേലിന്റെ വടക്കന്‍ ഭാഗത്തുള്ള മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഹൈഫയില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, എസ്ഫാന്‍ എന്നീ 3 ആണവനിലയങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇസ്രായേലിലെ സുപ്രധാന വിമാനത്താവളമായ ബെന്‍ ഗ്യൂറോണ്‍ ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
Read more
ബി റ്റു ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് ജിബിയു57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഉപയോഗിച്ചത്. ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇവ. ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുളള ആക്രമണം. ഇത് ആദ്യമായാണ് അമേരിക്കന്‍ വ്യോമസേന യുദ്ധ മുഖത്ത് ബങ്കര്‍ ബസ്റ്റിംഗ് ബോംബുകള്‍ വര്‍ഷിക്കുന്നത്. യുഎസ് നാവിക സേനയുടെ അന്തര്‍വാഹിനികളില്‍ നിന്നുള്ള ക്രൂസ് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചു.







