രാജസ്ഥാന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല; സ്റ്റാര്‍ പേസറും ടീം വിടുന്നു

ഈ സീസണില്‍ വിദേശ താരങ്ങള്‍ വാഴാതെ രാജസ്ഥാന്‍ റോയല്‍സ്. നിരവധി വിദേശ താരങ്ങളെ ഇതിനോടകം നഷ്ടപ്പെട്ട രാജസ്ഥാനില്‍ നിന്ന് മറ്റൊരു താരവും മടങ്ങുകയാണ്. ടീമിലെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹമാനും ഐ.പി.എല്ലില്‍ നിന്ന് നേരത്തെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം കൊല്‍ക്കത്തയുടെ ബംഗ്ലാദേശ് ഓള്‍റൗട്ടര്‍ ഷാക്കിബ് അല്‍ ഹസനും മടങ്ങും.

ബംഗ്ലാദേശില്‍ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ ക്വാറന്റൈന്‍ നിയമം ആണ് ഇതിന് കാരണം. ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

മേയ് ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. ഇതോടെ ബംഗ്ലാദേശിന്റെ ഇനി നടക്കാനിരിക്കുന്ന പരമ്പരയില്‍ കളിക്കണമെങ്കില്‍ മുസ്തഫിസുര്‍, ഷാക്കിബ് എന്നിവര്‍ക്കു നേരത്തേ തന്നെ നാട്ടില്‍ എത്തേണ്ടിവരും.

ഇവിടെ രാജസ്ഥാനാണ് ഈ നീക്കം ഏറെ തിരിച്ചടിയായിരിക്കുന്നത്. രാജസ്ഥാന്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളിലും മുസ്തഫിസുര്‍ പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നു. എട്ടു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ടീമില്‍ അവശേഷിക്കുന്ന നാല് താരങ്ങളില്‍ ഒരാളാണ് മുസ്തഫിസുര്‍.