തമ്മിലടിയ്ക്ക് ശേഷം കസിന്‍സിന്റെ 'മറാത്തി'യ്ക്ക് വേണ്ടിയുള്ള ഒന്നാകല്‍; തെക്കേ ഇന്ത്യയില്‍ ത്രിഭാഷ നയത്തില്‍ വെല്ലുവിളി നടത്തിയ ബിജെപി മഹാരാഷ്ട്രയില്‍ തോറ്റമ്പിയതിന്റെ വിജയാഘോഷവുമായി താക്കറേമാര്‍

രണ്ട് പതിറ്റാണ്ടായി ശിവസേനയിലെ അധികാര കൈമാറ്റത്തിന്റെ പേരില്‍ പിരിഞ്ഞിരുന്ന താക്കറേ കസിന്‍സ് ഒരേ വേദിയിലേക്ക് തിരിച്ചെത്തിയത് ബാല്‍ താക്കറേ ഉയര്‍ത്തിയെടുത്ത അതേ മറാത്തി വാദത്തിന്റെ പേരില്‍ തന്നെ. ശിവസേന യുബിടി തലവന്‍ ഉദ്ദവ് താക്കറേയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറേയും പൊതുവേദിയില്‍ ഒന്നിച്ചെത്തുന്നത് ത്രിഭാഷ നയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ വിജയാഹ്ലാദത്തിനാണ്. താക്കറേ കസിന്‍സ് ഒന്നിച്ചാണ് ശനിയാഴ്ച മുംബൈയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ ത്രിഭാഷാ നയം പിന്‍വലിച്ചതിന്റെ മെഗാ വിക്ടറി റാലി സംഘടിപ്പിക്കുന്നത്.

മറാത്തി സ്വത്വത്തിനും ഭാഷയ്ക്കും വേണ്ടി ശക്തമായി വാദിക്കുന്ന പാര്‍ട്ടികളായ ശിവസേന (യുബിടി)യുടെ തലവന്‍ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഒന്നിച്ചുചേരുന്നതെന്നതും ശ്രദ്ധേയമാണ്. ശിവസേനയുടേയും എംഎന്‍എസിന്റേയും തട്ടകമായ സമ്പന്നമായ മുംബൈ സിവിക് കോര്‍പ്പറേഷനും തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴാണ് മറാത്താവാദത്തിലൂന്നി ബാല്‍ താക്കറേയുടെ പിന്‍ഗാമികള്‍ വീണ്ടും കൈകൊടുക്കുന്നത്. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ അവിഭക്ത ശിവസേന വിട്ടതിനുശേഷം 2005 ല്‍ മാല്‍വന്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രണ്ട് കസിന്‍സും അവസാനമായി വേദി പങ്കിട്ടത്. അതേ വര്‍ഷം തന്നെ രാജ് താക്കറെ ശിവസേന വിട്ട് 2006 ല്‍ എംഎന്‍എസ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ശിവസേന പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ ബിജെപിയ്‌ക്കൊപ്പം പോയതിന് ശേഷം രാജ് താക്കറേയും ഉദ്ദവ് താക്കറേയും പരസ്പരം ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ശിവസേന (യുബിടി) നേതാവ് ഉദ്ദവ് താക്കറേയുടെ മകനായ ആദിത്യ താക്കറെയുടെ നിയമസഭാ മണ്ഡലമായ വോര്‍ലിയിലെ എന്‍എസ്സിഐ ഡോമിലാണ് ശിവസേന (യുബിടി) ഉം എംഎന്‍എസും സംയുക്തമായി ‘വിജയ’ സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധിച്ച മറ്റ് രാഷ്ട്രീയ സംഘടനകളെയും സാഹിത്യം, കല മേഖലകളില്‍ നിന്നുള്ളവരെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരു പാര്‍ട്ടികളും ക്ഷണിച്ചിട്ടുമുണ്ട്. ശിവസേനയും (യുബിടി) എംഎന്‍എസും ഒരു പാര്‍ട്ടിയുടെയും പതാക, ബാനറുകള്‍, തിരഞ്ഞെടുപ്പ് ചിഹ്നം, ഹോര്‍ഡിംഗുകള്‍, എന്നിവ പരിപാടിയില്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും നിലവിലെ ഒരുക്കം എന്തിനെന്നത് വ്യക്തമാണ്. 2024 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം മറാത്താഭൂമിയില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് സ്വാധീനം കുറഞ്ഞുവരുന്ന സമയത്ത് മറാത്താവാദം ഉയര്‍ത്തിയുള്ള രാഷ്ട്രീയ സന്ദേശം വ്യക്തമാണ്. ശിവസേന (യുബിടി) 20 നിയമസഭാ സീറ്റുകള്‍ നേടിയപ്പോള്‍ എംഎന്‍എസിന് ഒരു സീറ്റും പോലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല.

Read more

രാജ്യമെമ്പാടും ത്രിഭാഷ നയവുമായി ഇറങ്ങിയ ബിജെപി തമിഴ്‌നാട്ടില്‍ സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുകയും ഹിന്ദി അംഗീകരിക്കാന്‍ മടിച്ച തമിഴ്‌നാടിന് വിദ്യാഭ്യാസ പദ്ധതികളിലെ കേന്ദ്രസഹായം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. തെക്കേ ഇന്ത്യയില്‍ ഹിന്ദി തിരുകി കയറ്റാന്‍ ശ്രമിച്ച് ഡിഎംകെ സര്‍ക്കാരുമായി ബിജെപി നേതാക്കള്‍ കൊമ്പുകോര്‍ത്തു. ഹിന്ദിയെ അംഗീകരിച്ചേ മതിയാകൂ എന്ന് തെക്കേ ഇന്ത്യയില്‍ നിലപാടെടുത്ത ബിജെപി പക്ഷേ തങ്ങള്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മറാത്തികളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ ഒപ്പിട്ട നയം പിന്‍വലിച്ചു. മറാത്തികളുടെ രോഷമേറ്റ് വാങ്ങിയാല്‍ കഴിഞ്ഞകുറി കിട്ടിയ വിജയവും സീറ്റും പ്രതിസന്ധിയിലാകുമെന്ന് കണ്ടതോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി ത്രിഭാഷ നയം പിന്‍വലിച്ചു മാറി നിന്നത്. മഹാരാഷ്ട്രയില്‍ മര്‍ക്കടമുഷ്ടി തമിഴ്‌നാട്ടിലെടുത്തത് പോലെ ത്രിഭാഷ നയത്തില്‍ ഒരുഘട്ടത്തിലും ബിജെപി പെരുമാറിയില്ലെന്നതും ശ്രദ്ധേയമാണ്. മറാത്തികളുടെ പ്രതിഷേധത്തെ ഭയന്നാണ് പെട്ടെന്ന് ഒരു ദിവസം വലിയ അവകാശവാദം ഒന്നുമില്ലാതെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ പോളിസി നടപ്പാക്കിയത്. ശിവസേനയും രാജ് താക്കറേയും മറാത്താവാദവുമായി ഒന്നിച്ചതോടെ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട ബിജെപി മുട്ടുമടക്കി.