ഈ വരവില്‍ സഞ്ജു മിന്നിക്കും, ദക്ഷിണാഫ്രിക്ക കാത്തിരിക്കുന്നു; കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ പ്രശംസിച്ച് ഇതിഹാസ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കയില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും താരത്തിന്റെ ശൈലിയ്ക്ക് അനുകൂലമായ വിക്കറ്റുകളാണ് ഇവിടുത്തേതെന്നും ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ വീണ്ടും കാണുന്നത് നല്ല കാര്യമാണ്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ അദ്ദേഹം ശരിക്കും ആസ്വദിക്കും. ബാറ്റ് ചെയ്യുമ്പോള്‍ വളരെ നിവര്‍ന്നു നില്‍ക്കുന്ന ശൈലിയാണ് സഞ്ജുവിന്റേത്.

ദക്ഷിണാഫ്രിക്കയില്‍ അല്‍പ്പം ബൗണ്‍സും മൂവ്മെന്റുമെല്ലാം ഉണ്ടാവും. എല്ലാ ബാറ്റര്‍മാരും ഇവിടെ പരീക്ഷിക്കപ്പെടുകയും ചെയ്യും. പക്ഷെ സഞ്ജുവിനെപ്പോലെ ഒരാള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു ഞാന്‍ കരുതുന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഒരു ഓപ്ഷന്‍ കൂടി അദ്ദേഹം ടീമിനു നല്‍കുന്നു- ഡിവില്ലിയേഴ്സ് പറഞ്ഞു.

13 ഏകദിനങ്ങളിലാണ് സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത്. ഇവയില്‍ നിന്നും 55.71 ശരാശരിയില്‍ 104 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. മൂന്നു അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും.