" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

ഗാർഹിക പീഡന കേസിൽ വിചാരണ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. മുൻ ഭാര്യ ഹസിന്‍ ജഹാന്‍ നൽകിയ പരാതിയിൽ ഭാര്യയ്ക്കും മകള്‍ക്കും ജീവിതച്ചെലവിന് പണം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. മുൻ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും കൂടി പ്രതിമാസം നാല് ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

എന്നാൽ ഷമിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഭാര്യ ഹസിന്‍ ജഹാന്‍. വിവാഹസമയത്ത് മോഡലിങ്ങും അഭിനയവുമായി നല്ല വരുമാനമുണ്ടായിരുന്ന തന്നെ, നിർബന്ധിച്ച് ജോലി കളയിച്ച് വീട്ടിലിരുത്തിയത് മുഹമ്മദ് ഷമിയാണെന്നാണ് ഹസിൻ ജഹാൻ പറയുന്നത്.

ഹസിന്‍ ജഹാന്‍ പറയുന്നത് ഇങ്ങനെ:

” വിവാഹത്തിന് മുൻപ് ഞാൻ മോഡലിങ് ചെയ്തും അഭിനയിച്ചും പണം സമ്പാദിച്ചിരുന്നു. വിവാഹത്തോടെ ജോലി ഉപേക്ഷിക്കാൻ ഷമി എന്നെ നിർബന്ധിച്ചു. ഞാൻ ഒരു സാധാരണ വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിക്കഴിയുന്നതായിരുന്നു ഷമിക്ക് താൽപര്യം. ഷമിയെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നതിനാൽ ജോലി കളയാനുള്ള നിർബന്ധത്തിന് വഴങ്ങുകയായിരുന്നു”

ഹസിന്‍ ജഹാന്‍ തുടർന്നു:

“എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനമില്ല. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോൾ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്ത് ആളുകളോട് അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉത്തരവിടുന്ന ഒരു നിയമമുണ്ടായതിൽ ദൈവത്തോട് നന്ദി പറയുന്നു” ഹസിൻ ജഹാൻ പറഞ്ഞു.