ഗവർണറുടെ നിർദേശത്തിൽ വിസി സസ്‌പെൻഡ് ചെയ്ത കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാർ ഇന്ന് സർവകലാശാലയിലെത്തും. സിൻഡിക്കേറ്റ് നിർദേശമനുസരിച്ചാണ് സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ സർവകലാശാലയിലെത്തുന്നത്. അദ്ദേഹത്തെ തടഞ്ഞാൽ സർവകലാശാലയിൽ ഒരു സംഘർഷാവസ്ഥ ഉണ്ടാകും. രജിസ്ട്രാറിനെ സസ്പെൻഡ്‌ചെയ്‌ത വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി ഇടതു സിൻഡിക്കേറ്റംഗങ്ങൾ ചോദ്യംചെയ്തിരുന്നു.
സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയാൽ അത് നിയമയുദ്ധത്തിലേക്ക് നീങ്ങും. സർവകലാശാലാ നിയമം 1974-ലെ വകുപ്പ് 10(13) അനുസരിച്ച് ചില ഘട്ടങ്ങളിൽ വിസിക്ക് സിൻഡിക്കേറ്റിൻ്റെ അധികാരം പ്രയോഗിക്കാം. എന്നാൽ, സസ്പെൻഷൻ പോലുള്ള അച്ചടക്ക നടപടിയെടുക്കാൻ ഈ വകുപ്പ് അധികാരം നൽകുന്നില്ലെന്നും ചാൻസലറുടെ നിർദേശമനുസരിച്ചാണെങ്കിൽപ്പോലും അത് നിയമവിരുദ്ധമാണെന്നും ഇടത് സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി.
വിസിക്കെതിരെ രജിസ്ട്രാർ കോടതിയിലെത്തിയാൽ സർവകലാശാലയാണ് എതിർകക്ഷി. ഇടതുഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് നിയമിച്ച അഭിഭാഷകന്റെ വാദം സ്വാഭാവികമായും രജിസ്ട്രാർക്ക് അനുകൂലമായിട്ടാവും. വിസി പ്രത്യേകം അഭിഭാഷകനെ നിയോഗിക്കേണ്ടിവരും. കേസിൽ ഗവർണർ കക്ഷിയായാൽ ചാൻസലറെന്ന നിലയിൽ അദ്ദേഹത്തിനുവേണ്ടി വേറെയും അഭിഭാഷകൻ ഹാജരാവേണ്ടിവരും. ഇങ്ങനെ, സങ്കീർണമായ നിയമയുദ്ധത്തിലേക്ക് വഴിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടി.
ഭാരതാംബ വിവാദത്തിലാണ് കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ നടപടിയുണ്ടായത്. രജിസ്ട്രാര്‍ പ്രൊഫ കെഎസ് അനില്‍കുമാറിനെ വിസി മോഹനന്‍ കുന്നുമ്മല്‍ ഇന്നലെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. രജിസ്ട്രാര്‍ക്കെതിരെ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
Read more
ഭാരതാംബ വിവാദത്തെ തുടര്‍ന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിലയിരുത്തലിലായിരുന്നു രാജ്ഭവന്‍. ഈ വിഷയത്തിലാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പരിപാടി നിര്‍ത്തിവെക്കാന്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിരുന്നു.