സ്റ്റുപ്പിഡല്ല, ഫയറാണ് താനെന്ന് കാണിച്ചുതന്നു, ടെസ്റ്റിൽ ചരിത്രനേട്ടവുമായി റിഷഭ് പന്ത്, ഇത് പൊളിച്ചല്ലോയെന്ന് ആരാധകർ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യയ്ക്കായി ശ്രദ്ധേയ പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 134ഉം രണ്ടാമിന്നിങ്സിൽ‌ 118ഉം റൺസ് നേടിയാണ് പന്ത് മിന്നും പ്രകടനം പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ റിഷഭ് പന്തിന് മുന്നേറാൻ സാധിച്ചു. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കാണ് പന്ത് കയറിയത്. ടെസ്റ്റ് ചരിത്രത്തിൽ 800 റേറ്റിങ് പോയിന്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായും പന്ത് മാറി.

സിംബാബ്‌വെയുടെ ആൻഡി ഫ്ലവറിനുശേഷം ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സുകളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് പന്ത്. ആദ്യ ടെസ്റ്റിൽ ബോളിങ്ങിൽ തിളങ്ങിയ ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിൽ ഒന്നാം നമ്പർ ബോളറായി തന്നെ തുടരുകയാണ്. ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ടീം ജയിച്ചുകയറിയത്.

Read more

ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അവസാന ദിനം മറികടക്കുകയായിരുന്നു ഇം​ഗ്ലണ്ട്. രണ്ടിന്നിങ്സിലുമായി അഞ്ച് താരങ്ങൾ സെഞ്ച്വറി നേടിയിട്ടും ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞില്ല. 149 റൺസ് നേടി ഇം​ഗ്ലണ്ടിനെ വിജയതീരത്ത് എത്തിച്ച ഓപ്പണർ ബെൻ ഡക്കറ്റാണ് കളിയിലെ താരമായത്.