ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തിളങ്ങാതിരുന്ന രവീന്ദ്ര ജഡേജയെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ബാറ്റിങ്ങിലും ബോളിങ്ങിലും മോശം പ്രകടനമാണ് ടീമിലെ ഓൾറൗണ്ടറായ ജഡേജ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 11ഉം, രണ്ടാം ഇന്നിങ്സിൽ 25 റൺസും മാത്രമെടുത്ത ജഡേജ രണ്ടിന്നിങ്ങ്സുകളിൽ നിന്നായി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മൂന്ന്-നാല് വർഷം മുൻപുളള രവീന്ദ്ര ജഡേജയെ അല്ല ഇപ്പോൾ കാണാൻ സാധിക്കുന്നതെന്നാണ് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.
“രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവിനും പകരം ജഡേജയെ ഇന്ത്യ തിരഞ്ഞെടുത്തതിന് കാരണം അദ്ദേഹത്തിന്റെ ബാറ്റിങ് കൊണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ 3-4 വർഷം മുൻപുളള ജഡേജയല്ല ഇപ്പോഴുളളത്. അതിനാൽ ഇതിനെ കുറിച്ച് ചില ചർച്ചകൾ ഉണ്ടാവാം. കാരണം ഇന്ത്യയ്ക്ക് സ്പിന്നർമാരുടെ സഹായം ആവശ്യമാണ്, ജഡേജ അത് നൽകിയില്ലെങ്കിൽ, അവർക്ക് രണ്ടാമത്തെ സ്പിന്നറെ കളിപ്പിക്കേണ്ടിവരും. ഇംഗ്ലണ്ടിൽ ഇന്ത്യക്ക് രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ കഴിയുമോ? ആ ചോദ്യങ്ങളെല്ലാം ഉയർന്നുവരും”, മഞ്ജരേക്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.
Read more
ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതോടെ നാണക്കേടിന്റെ റെക്കോഡിലേക്കാണ് ഇന്ത്യ വീണത്. അഞ്ച് താരങ്ങൾ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിട്ടും ടീം പരാജയപ്പെടുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത് എന്നിവരും രണ്ടാം ഇന്നിങ്സിൽ കെ എൽ രാഹുലും റിഷഭ് പന്തും സെഞ്ച്വറി നേടി. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനങ്ങളുടെ പിൻബലത്തിലാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്.