പിഎം കുസും സോളാര്‍ പമ്പ് പദ്ധതിയില്‍ അഴിമതി ആരോപണം; കണക്കുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

പിഎം കുസും പദ്ധതി പ്രകാരം സോളാര്‍ പമ്പ് പദ്ധതിയില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി നടത്തിയ 240 കോടി രൂപയുടെ ടെന്‍ഡറില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ടെന്‍ഡറുമായി ബന്ധപ്പെട്ട കണക്കുകളും ചെന്നിത്തല പുറത്തുവിട്ടു. പിഎം കുസം പദ്ധതിയില്‍ അനര്‍ട്ട് സിഇഒ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. അഴിമതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതു മുതല്‍ ക്രമക്കേടുകളാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read more

സര്‍ക്കാരിന്റെ രേഖാമൂലമായ അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുന്നത് എന്നു വ്യക്തമാക്കണം. മൊത്തം പ്രോസസിലും ക്രമക്കേടാണ് നടന്നിരിക്കുന്നത്. കോണ്ടാസ് ഓട്ടോമേഷന്‍ എന്ന കമ്പനിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ച ശേഷം തിരുത്തലുകള്‍ക്ക് അവസരം നല്‍കുകയും അവര്‍ക്കും വര്‍ക്ക് ഓര്‍ഡര്‍ ഇഷ്യൂ ചെയ്യുകയും ചെയ്തിരിക്കുന്നു. ടെന്‍ഡര്‍ തുറന്ന ശേഷം എങ്ങനെയാണ് മാറ്റം അനുവദിക്കാന്‍ സാധിക്കുകയെന്നും ചെന്നിത്തല ചോദിക്കുന്നു.