നാല് ക്യാച്ച് വിട്ടതും പോര നിന്ന് ഡാൻസ് കളിക്കുന്നോ, ജയ്സ്വാളിനെ നിർ‌ത്തിപ്പൊരിച്ച് ആരാധകർ, യുവതാരത്തിനെതിരെ രൂക്ഷവിമർശനം

ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ബാറ്റർമാരുടെ നിർണായക ക്യാച്ചുകൾ കൈവിട്ട ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. രണ്ടിന്നിങ്സുകളിലുമായി നാല് ക്യാച്ചുകളാണ് ജയ്സ്വാൾ കൈവിട്ടത്. ഇതുകൂടാതെ ഇന്ത്യ തോൽവിയോട് അടുത്ത സമയത്ത് ബൗണ്ടറി ലൈനിനരികിൽ നിന്ന് ഡാൻസ് കളിക്കുകയും ചെയ്തിരുന്നു യുവതാരം. എല്ലാത്തിനും ചേർത്ത് താരത്തെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിർത്തിപൊരിക്കുകയാണ് ആരാധകർ.

രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോററായ ബെൻ ഡക്കറ്റിന്റെ ക്യാച്ച് താരം 97 റൺസിൽ നിൽക്കുന്ന സമയമാണ് ജയ്സ്വാൾ കൈവിട്ടത്. മുഹമ്മദ് സിറാജിന്റെ പന്തിൽ വന്ന ക്യാച്ച് ഇന്ത്യയ്ക്ക് കളിയിലേക്ക് തിരിച്ചുവരാനുളള അവസരം കൂടിയായിരുന്നു. എന്നാൽ ക്യാച്ച് ജയ്സ്വാൾ കൈവിട്ടു.

Read more

ആദ്യ ഇന്നിങ്സിൽ മൂന്ന് ക്യാച്ചുകളാണ് ജയ്‌സ്വാളിന് കൈകളിൽ ഒതുക്കാനാവാതെ പോയത്. ബുംറയുടെ പന്തില്‍ ബെന്‍ ഡക്കറ്റിനെ തന്നെയാണ് ആദ്യ ഇന്നിങ്സിലും കൈവിട്ടത്. പിന്നീട് ഒല്ലി പോപ്പിന്റെ ഒരു ക്യാച്ചും ആദ്യ ഇന്നിങ്സിൽ ജയ്‌സ്വാൾ കൈവിട്ടു. ഇം​ഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയത് ഒലീവ് പോപ്പ് മാത്രമായിരുന്നു. ഇംഗ്ലണ്ടിന് ജയിക്കാൻ 44 റൺസ് മാത്രം വേണ്ട സമയത്തായിരുന്നു ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് ജയ്സ്വാൾ ഡാൻസ് കളിച്ചത്.