ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ പരിശീലകന്‍?; ചര്‍ച്ചകളോട് പ്രതികരിച്ച് ജയ് ഷാ

ടി20 ലോകകപ്പ് 2024 ചക്രവാളത്തില്‍ ആസന്നമായിരിക്കുകയാണ്. 2023 ലെ ഏകദിന ലോകകപ്പ ഫൈനലില്‍ തോറ്റതിന് ശേഷം, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ്.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ആരായിരിക്കുമെന്നതിനെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം നിലവിലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചുവെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കാലാവധി നിശ്ചയിക്കാതെ ഡിസംബര്‍-ജനുവരി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കൊപ്പം തന്റെ റോളില്‍ തുടരാന്‍ അദ്ദേഹത്തോട് ബിസിസിഐ ആവശ്യപ്പെട്ടു.

എന്നിരുന്നാലും, ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ അഭിപ്രായത്തില്‍, 2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ദ്രാവിഡായിരിക്കും. ടി20 ലോകകപ്പില്‍ രാഹുല്‍ തന്നെ പരിശീലകനായി തുടരുമെന്ന് ജയ് ഷാ അറിയിച്ചു.

2023 ലോകകപ്പിന് ശേഷം രാഹുല്‍ ഭായിക്ക് ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകേണ്ടി വന്നു. അതിനിടയില്‍ ഞങ്ങള്‍ കണ്ടുമുട്ടിയില്ല, അത് ഇന്ന് സംഭവിച്ചു. രാഹുല്‍ ദ്രാവിഡിനെപ്പോലെ ഒരു മുതിര്‍ന്ന വ്യക്തിയുടെ കരാറിനെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നത്? ടി20 ലോകകപ്പില്‍ രാഹുല്‍ ഭായ് പരിശീലകനായി തുടരും- ജയ് ഷാ പറഞ്ഞു.