ലോക കപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥാന് അപ്രതീക്ഷിത തിരിച്ചടി

ടി20 ലോക കപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് മിസ്ബ ഉള്‍ ഹഖ്. ബോളിങ് പരിശീലക സ്ഥാനത്ത് നിന്ന് വഖാര്‍ യൂനിസും രാജി വച്ചിട്ടുണ്ട്. ഇരുവരും സ്ഥാനമൊഴിഞ്ഞ കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഔദ്യോഗികമായി അറിയിച്ചത്.

‘കഴിഞ്ഞ 24 മാസമായി ക്രിക്കറ്റിന്റെ തിരക്കിട്ട ഷെഡ്യൂളിലൂടെയാണ് ജീവിതം മുന്നോട്ടു പോയത്. എന്റെ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നതായുള്ള അനുഭവമാണ്. അവര്‍ക്കൊപ്പം ഇനി കുറച്ച് സമയം ചിലവഴിക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ ഈ സ്ഥാനം രാജി വയ്ക്കുകയാണ്. ഉചിതമായ സമയത്തല്ല എന്റെ ഈ തീരുമാനം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന മാനസിക അവസ്ഥയിലല്ല ഞാന്‍. അതിനാല്‍ പുതിയ ഒരാള്‍ വന്ന് ടീമിനെ നയിക്കുന്നതാവും ഉചിതം’ മിസ്ബ പറഞ്ഞു.

ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍, സൂപ്പര്‍ താരം പുറത്ത്

2019ലാണ് മിസബയും വഖാറുംപാക് പരിശീലകരായി സ്ഥാനമേറ്റത്. മുന്‍ താരങ്ങളായ അബ്ദുല്‍ റസാഖ്, സഖ്ലെയ്ന്‍ മുഷ്താഖ് എന്നിവരെ താത്കാലിക പരിശീലകരായി നിയമിച്ചു. ടി20 ലോക കപ്പില്‍ ഇന്ത്യക്കെതിരേയാണ് പാകിസ്താന്റെ ആദ്യ പോരാട്ടം. ഒക്ടോബര്‍ 24നാണ് ബദ്ധവൈരികള്‍ തമ്മിലുള്ള പോര്. ഒരു തവണ ലോക ചാംപ്യന്‍മാരായിട്ടുള്ള പാകിസ്താന്‍ തങ്ങളുടെ രണ്ടാം കിരീടമാണ് യു.എ.ഇയില്‍ ലക്ഷ്യമിടുന്നത്.