'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ഇന്ത്യയ്ക്ക് മേൽ വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്തുമെന്നാണ് പുതിയ ഭീഷണി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.

വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കയിലെ കർഷകർക്കായി ഒരു കാർഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ വിമർശിച്ചത്. ഇത്തരം ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കൻ കർഷകരെ സംരക്ഷിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫുകൾ ശക്തമായി ഉപയോഗിക്കാനാണ് തീരുമാനമെന്നും ട്രംപ് ആവർത്തിച്ചു.

ഇന്ത്യക്കെതിരെ മാത്രമല്ല, കാനഡയ്ക്കെതിരെയും ട്രംപ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കാനഡയിൽ നിന്നുള്ള വളത്തിന്റെ ഇറക്കുമതിക്കും പുതിയ താരിഫുകൾ ഏർപ്പെടുത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ചുമത്തി, ഈ വരുമാനം ഉപയോഗിച്ച് അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകാൻ നിർദ്ദേശം നൽകുമെന്നും ട്രംപ് പറഞ്ഞു.

Read more