'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണെന്നും അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചുരുക്കം ചില ആളുകൾ മാത്രം അയാൾക്കൊപ്പം നിന്നുവെന്നും അയാൾക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

ഇന്നലെ അവൾ മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ല. ഭക്ഷണം പോലും കഴിച്ചില്ല. ടി വി കാണേണ്ടെന്ന് അവളോട് പറഞ്ഞിരുന്നു. വിധി വന്ന ശേഷം മുകളിലേക്കു പോയപ്പോൾ അവൾ ഷോക്ക് ഏറ്റ പോലെ ആയിരുന്നു നിന്നിരുന്നത്. 2 മണിക്കൂർ കാറിനുള്ളിൽ അനുഭവിച്ചതിന്റെ നൂറിരട്ടിയാണ് അവൾ 15 ദിവസം കൊണ്ട് കോടതിയിൽ നിന്ന് അനുഭവിച്ചത്. അവൾ എപ്പോഴും കരയണം എന്ന് കരുതുന്നത് വേട്ടക്കാരൻ ആണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്നും രാജിവെച്ചിരുന്നു. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. വേട്ടക്കാരനും അയാളെ പിന്തുണയ്ക്കുന്നവരുമുള്ള സംഘടനയില്‍ കുറ്റബോധമില്ലാതെ ഇരിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Read more