പാര്‍ലമെന്റില്‍ വോട്ട് കൊള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയേയും ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ വോട്ടുകൊള്ള ആരോപണവും ബിഹാര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പുകളില്‍ നടന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍- ബിജെപി സഖ്യവും ചോദ്യം ചെയ്തുകൊണ്ടാണ് പാര്‍ലമെന്റില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ 22 പേരുകള്‍ക്ക് നേര്‍ക്ക് ഒരു ബ്രസീലിയന്‍ സ്ത്രീയുടെ ഫോട്ടോ വെച്ചു വോട്ട് അട്ടിമറിച്ചതിനെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധി ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന, ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ ‘വോട്ട് കൊള്ള’ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി ഒത്തുകളിച്ചുവെന്ന് ആരോപിച്ചു.
വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനും തനിക്കുമെതിരെ ‘ദേശവിരുദ്ധ’ വാചകം പതിവായി പ്രയോഗിക്കുന്ന ബിജെപിയെ അതേ ദേശദ്രോഹ വാക്കുകള്‍ കൊണ്ട് തിരിച്ചടിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ നിയമനത്തിന്റെ പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ തീരുമാനിച്ച ആ നിമിഷം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കപ്പെട്ടു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇലക്ഷന്‍ കമ്മീഷനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പറ്റാത്ത വിധം ഭേദഗതി വരുത്തിയത് എന്തിനെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇലക്ഷന്റെ സി സി ടി വി ഫൂട്ടേജുകള്‍ ഇത്ര ധൃതിപിടിച്ച് നശിപ്പിച്ചു കളയാനുള്ള ഭേദഗതി വരുത്തിയത് എന്തിനെന്ന ചോദ്യവും രാഹുല്‍ ഗാന്ധി ഉയര്‍ത്തി. ഇതെല്ലാം ഭരണകക്ഷിയ്ക്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞുവെയ്ക്കുന്നു. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പറ്റാത്ത രീതിയില്‍ ബിജെപി കൊണ്ടുവന്ന നിയമഭേദഗതി കൊണ്ട് എന്ത് ചെയ്താലും നിയമനടപടി ഉണ്ടാവില്ലെന്ന് കരുതി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന കമ്മീഷന് ഒരു മുന്നറിയിപ്പും രാഹുല്ഡ ഗാന്ധി നല്‍കുന്നുണ്ട്. ഞങ്ങള്‍ ആ നിയമഭേദഗതി തിരുത്തുമെന്നും നിങ്ങളെ തേടി അന്ന് വരുമെന്നും.
‘ഹരിയാന വോട്ടര്‍ പട്ടികയില്‍ ഒരു ബ്രസീലിയന്‍ സ്ത്രീ 22 തവണ പ്രത്യക്ഷപ്പെട്ടു… മറ്റൊരു സ്ത്രീയുടെ പേര് 200 തവണ ആവര്‍ത്തിക്കപ്പെട്ടു. ഹരിയാന തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഞാന്‍ ഇത് വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്… പക്ഷേ എന്റെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരിടത്തും ഇതുവരേയും ഉത്തരം നല്‍കിയിട്ടില്ല.
ലക്ഷക്കണക്കിന് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍ എന്തുകൊണ്ടാണ് വോട്ടര്‍ പട്ടികയില്‍ എന്ന തന്റെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ലോക്‌സഭയില്‍ പറഞ്ഞു. ബീഹാറിലെ SIR ന് ശേഷം 1.2 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍ എന്തിനാണ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്? ഈ ചോദ്യങ്ങള്‍ക്ക് കമ്മീഷന് ഉത്തരമില്ല. നിങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു എന്നത് വളരെ വ്യക്തമാണെന്നും ബിജെപിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് കാര്യങ്ങള്‍ പൂര്‍ണ്ണമായും ക്രമരഹിതമായി ചെയ്യുന്നതെന്ന് താന്‍ ലോകത്തിന് കാണിച്ചുതന്നതാണെന്നും തന്റെ പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇതുവരെ മൂന്ന് പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ നടത്തിയിട്ടുണ്ട് – ഓഗസ്റ്റിലാണ് രണ്ടെണ്ണം, കര്‍ണാടക ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് തട്ടിപ്പ് സൂചിപ്പിക്കുന്ന ഡാറ്റയാണ് രാഹുല്‍ ഗാന്ധി അവതരിപ്പിച്ചത്. സെപ്റ്റംബറില്‍ മൂന്നാമത്തേത്, അതില്‍ അദ്ദേഹം കേന്ദ്രീകൃതമായി, വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ ഇല്ലാതാക്കിയത് എങ്ങനെയെന്നും വിശദീകരിച്ചിരുന്നു.
Read more
2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം ബിജെപിക്ക് അഭൂതപൂര്‍വമായ ഒരു തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പാക്കാന്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ഇസിയും ബിജെപിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇതില്‍ ഓരോന്നിലും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.







