ഐ.പി.എല്‍ പുതിയ സീസണ് ഭീകരാക്രമണ ഭീഷണിയെന്ന് സംശയം; മഹാരാഷ്ട്ര എ.ടി.എസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളി തുടങ്ങാന്‍ രണ്ടു ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കേ ഭീകരാക്രമണ ഭീഷണി മുന്നില്‍ കണ്ട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. വാങ്കഡേ സ്‌റ്റേഡിയത്തിലും ടീമുകളും ഒഫീഷ്യലുകളും താമസിക്കുന്ന ഹോട്ടലിനും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ടൂര്‍ണമെന്റിനിടയില്‍ ആക്രമണം നടക്കാനുള്ള സാധ്യത മുംബൈ പോലീസ് സംശയിക്കുന്നുണ്ട്. വാങ്കഡേ സ്‌റ്റേഡിയം, ട്രിഡന്റ് ഹോട്ടല്‍ ഇവിടേയ്ക്കുള്ള വഴി എന്നിവിടങ്ങളിലല്ലാം സുരക്ഷ കടുപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്.

ഐപിഎല്‍ ടീമുകളുടെ കളിക്കാരുടേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടേയും സുരക്ഷ കൂട്ടിയിട്ടുണ്ട്. മാര്‍ച്ച് 26 മുതല്‍ മെയ് 22 വരെ ദ്രുത കര്‍മ്മ സേന, ബോംബ് സ്‌ക്വാഡ്, സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഐപിഎല്‍ ഫ്രാഞ്ചൈസികളും അതിന്റെ അസോസിയേറ്റ് സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശം സംബന്ധിച്ച സര്‍ക്കുലറും മുംബൈ പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

Read more

ഐപിഎല്‍ ടീമുകളുടെ വാഹനത്തിന് കോംബാറ്റ് വെഹിക്കിളിന്റെ അകമ്പടി വാഹനം ഉണ്ടായിരിക്കും, ടീം ഹോട്ടലിലോ സ്‌റ്റേഡിയത്തിലോ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. കളിക്കാരുടെ സുരക്ഷയ്ക്ക് അടിയന്തിര വാതില്‍ ഉണ്ടായിരിക്കണം, ബസ് ഡ്രൈവര്‍മാരും മറ്റു ജോലിക്കാരും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും ഐപിഎല്‍ സമയത്ത് ഇവരെ മാറ്റാനാകില്ല., കളിക്കാര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കാന്‍ ടീം മാനേജരില്‍ നിന്നും അനുമതി വാങ്ങേണ്ടി വരും. തിരിച്ചറിയല്‍ രേഖകള്‍ കൂടാതെ ഹോട്ടലിലേക്ക് പോലും സ്റ്റാഫുകളെ കടത്തിവിടില്ല. മാര്‍ച്ച് 26 ന് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെയാണ് നേരിടുന്നത്. മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ 25 ശതമാനം കാണികളെ മാത്രമായിരിക്കും അനുവദിക്കുക.