നിര്‍ത്തിയെന്ന് പറഞ്ഞിട്ട് വീണ്ടും, പരിശീലകരുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് സിറാജ്

വിക്കറ്റ് വീഴ്ത്തിയ ശേഷം അമിതമായി ആഘോഷിക്കരുതെന്ന് ടീമംഗങ്ങളും പരിശീലകരും തന്നെ ഉപദേശിച്ചതായി ഇന്ത്യന്‍ പേസറും ആര്‍സിബി താരവുമായ മുഹമ്മദ് സിറാജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിഖ്യാത ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഘോഷം അനുകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് സിറാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആഘോഷം ചെയ്യുന്നത് പരിക്കിന് കാരണമാകുമെന്നതിനാല്‍ താനത് നിര്‍ത്തിയന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ആ പറഞ്ഞത് കാറ്റില്‍ പറത്തിയിരിക്കുകയാണ് താരം.

രാജസ്ഥാന്‍ റോയല്‍സിനെതിരായി നടന്ന മത്സരത്തില്‍ സിറാജ് വീണ്ടും റൊണാള്‍ഡോ സ്‌റ്റൈല്‍ ആഘോഷം പുറത്തെടുത്ത്. റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തിയതാണ് സിറാജ് മതിമറന്ന് ആഘോഷിച്ചത്. റോയല്‍സ് ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ സിറാജിന്റെ ബോളില്‍ ബൗള്‍ഡായാണ് ബട്ട്‌ലര്‍ പുറത്തായത്.

‘അമിതമായ ആഘോഷങ്ങള്‍ പരിക്കിന് കാരണമാകുമെന്ന് മുഹമ്മദ് ഷമിയും ഞങ്ങളുടെ പരിശീലകരും എന്നോട് പറഞ്ഞു. ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവന്റെ സെലബ്രേഷന്റെയും വലിയ ആരാധകനാണ്. ആ ആഘോഷം തുടര്‍ച്ചയായി ചെയ്താല്‍ എന്റെ കാലുകള്‍ വളയാന്‍ സാദ്ധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ അവര്‍ എന്നോട് പറഞ്ഞു- എന്നാണ് റൊണാള്‍ഡോ സ്‌റ്റൈല്‍ ആഘോഷവുമായി ബന്ധപ്പെട്ട് സിറാജ് പറഞ്ഞത്.

Read more

ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സിറാജ് കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം. ഏഴ്* മത്സരങ്ങളില്‍ നിന്ന് താരം ഇതിനോടകം 13 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.