ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന കേള്‍ക്കുമ്പോള്‍ ഏവര്‍ക്കും ആദ്യം ഓര്‍മ്മ വരുന്ന പേര് പ്രശാന്ത് കിഷോറിന്റേതാണ്. ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വൈഎസ്ആര്‍സിപിയേയും ആംആദ്മി പാര്‍ട്ടിയേയും ഡിഎംകെയുമെല്ലാം വിജയത്തിലെത്തിച്ച ചാണക്യനെന്ന പേരാണ് പ്രശാന്ത് കിഷോര്‍ എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിന്റെ ഭണ്ഡാരത്തിലുള്ളത്. അത്രത്തോളം നെഗറ്റീവ് ഇമേജില്‍ നിന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ 2012ല്‍ കഴിഞ്ഞതോടെയാണ് തന്ത്രങ്ങള്‍ മെനയുന്ന വമ്പനെന്ന ഇമേജില്‍ പ്രശാന്ത് കിഷോര്‍ കളം നിറഞ്ഞുതുടങ്ങിയത്. ബിജെപിയ്ക്ക് തന്ത്രം മെനഞ്ഞത് പോലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഭേദമന്യേ തന്ത്രം മെനയാന്‍ ഒപ്പം നിന്നു പ്രശാന്ത് കിഷോര്‍. പിന്നീട് പ്രാദേശിക പാര്‍ട്ടികളടക്കം പലകുറി രാജ്യത്തെ തിരഞ്ഞെടുപ്പ് അവലോകനത്തിന് പ്രശാന്ത് കിഷോറിന്റെ സഹായം തേടി.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടം പിന്നിടുമ്പോള്‍ രാജ്യത്തെ മോദി ഗോദി മീഡിയയടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുക്കുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നുണ്ട്. പാര്‍ട്ടി പ്രതീക്ഷിക്കാത്തത്ര തിരിച്ചടി ബിജെപി നേരിടുമെന്നതിന്റെ സൂചനകള്‍ വോട്ടെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടം കഴിഞ്ഞപ്പോള്‍ മുതല്‍ കേള്‍ക്കുന്നുണ്ട്. ഓഹരി വിപണിയിലടക്കമുണ്ടായ തളര്‍ച്ചയും തുടര്‍ഭരണ സാധ്യതകള്‍ മങ്ങലേറ്റതിന്റെ സൂചനയെന്ന വിലയിരുത്തലാണ് ഉണ്ടായത്. ഇന്ത്യ മുന്നണിയെന്ന പ്രതിപക്ഷ ഐക്യത്തിന് ശക്തമായ മുന്നേറ്റ സാധ്യതകള്‍ രാഷ്ട്രീയ അവലോകനങ്ങളില്‍ തെളിയുമ്പോള്‍ സമീപകാല രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തന്ത്രജ്ഞന്‍ പറയുന്നു ബിജെപി തന്നെ വിജയിക്കുമെന്ന്.

പ്രശാന്ത് കിഷോറിന്റെ വിലയിരുത്തലില്‍ മൂന്നാം തവണയും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്നാണ്. അതും 2019നേക്കാള്‍ കൂടുതല്‍ സീറ്റ് വാങ്ങി ബിജെപി അധികാരത്തില്‍ വരുമെന്ന്്. 303 സീറ്റുകളാണ് 2019ല്‍ ബിജെപി നേടിയത്. ഇതില്‍ കൂടുതല്‍ ഇക്കുറി കാവിപ്പാര്‍ട്ടി നേടുമെന്നാണ് പ്രശാന്ത് കിഷോര്‍ എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് പറയുന്നത്. മോദി നയിക്കുന്ന ബിജെപി തന്നെ അധികാരത്തില്‍ തിരിച്ചുവരുമെന്നും കൂടുതല്‍ സീറ്റ് നേടിയാവും തിരിച്ചുവരവെന്ന് പറയുമ്പോഴും ബിജെപിയുടെ മിഷണ്‍ 400ന് സാധ്യതയില്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. ഇനി പ്രശാന്ത് കിഷോര്‍ നിലവിലെ ഇന്ത്യയിലെ അവസ്ഥയെ നോക്കികാണുന്നത് കൂടി എങ്ങനെയെന്ന് നോക്കാം.

നമ്മള്‍ അടിസ്ഥാനകാര്യങ്ങള്‍ നോക്കണം. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനും അതിന്റെ നേതാവിനുമെതിരെ രോഷമുണ്ടെങ്കില്‍, ബദലുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരെ വോട്ടുചെയ്ത് അവരെ പുറത്താക്കാന്‍ ആളുകള്‍ തീരുമാനിക്കുമെന്നതാണ് വസ്തുത. മോദിജിക്കെതിരെ വ്യാപകമായ ജനരോഷമുണ്ടെന്ന് ഇതുവരെ നമ്മള്‍ കേട്ടിട്ടില്ല. നിരാശയും പൂര്‍ത്തീകരിക്കാത്ത അഭിലാഷങ്ങളും ഉണ്ടാകാം, പക്ഷേ വ്യാപകമായ രോഷത്തെക്കുറിച്ച് ഞങ്ങള്‍ കേട്ടിട്ടില്ല. ബിജെപി 275 സീറ്റുകള്‍ മാത്രമേ നേടിയുള്ളുവെങ്കിലും 370 സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ടതിനാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ഒരിക്കലും അതിന്റെ നേതാക്കള്‍ പറയില്ല. അതിനാല്‍, അവര്‍ക്ക് ഭൂരിപക്ഷമായ 272 ലഭിക്കുമോ എന്ന് മാത്രമേ നാം നോക്കേണ്ടതുള്ളു. രാഷ്ട്രീയവും ചര്‍ച്ചയുമെല്ലാം തുടരും. കമന്ററി പറയുന്നവര്‍ അത് തന്നെ തുടരും. പക്ഷേ, ഒരു അപകടവും ബിജെപിയ്ക്ക് മുന്നില്‍ ഞാന്‍ കാണുന്നില്ല, എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് തന്നെയാണ് കരുതുന്നത്.

അതായത് രാജ്യത്തെ കര്‍ഷക സമരവും ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടന്ന വേട്ടയാടലുകളും തൊഴിലില്ലായ്മയും സാമുദായിക ധ്രൂവീകരണവും ക്ഷേത്ര രാഷ്ട്രീയവുമൊന്നും രാജ്യത്തെ ജനങ്ങള്‍ക്ക് രോഷമുണ്ടാക്കിയിട്ടില്ലെന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞുവെയ്ക്കുന്നത്. മോദിയെന്ന ബ്രാന്‍ഡിന്റെ ജനപ്രീതി കുറഞ്ഞെങ്കിലും മോദിയെന്ന ഭരണാധികാരിയ്‌ക്കെതിരെ രോഷമുണ്ടായിട്ടില്ലെന്നാണ് രാജ്യത്തെ ഏറ്റവും വിലപിടിപ്പുണ്ടായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ വിശകലനം. ബിജെപിയുടെയോ മോദിയുടെയോ വിജയം അവരുടെ ജനപ്രീതിയില്‍ നിന്നല്ലെന്നും മറിച്ച് പ്രതിപക്ഷത്തിന്റെ ബലഹീനതയില്‍ നിന്നാണെന്നും പ്രശാന്ത് കിഷോര്‍ വിലയിരുത്തുന്നുണ്ട്. സ്‌റ്റെഡിയായി ഒരു വീഴ്ച മോദിയുടെ പോപ്പുലാരിറ്റിയില്‍ ഉണ്ടെന്നുള്ളത് വസ്തുതയാണെന്നും നരേന്ദ്ര മോദിയ്ക്ക് അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറയുന്നുണ്ട്. ബിജെപിയുടെ വിജയത്തിന് കാരണം അസാധാരണമായ പ്രകടനമല്ലെന്നും മറിച്ച് പ്രതിപക്ഷം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റെയും പ്രതിപക്ഷം കൈവിട്ടുകളഞ്ഞ പല അനുകൂല സാഹചര്യങ്ങളുടെ ഫലമാണെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.