മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

എംഎല്‍എമാരുടെ ശമ്പള പരിഷ്‌കരണത്തിന് ശേഷം മേയറുടെയും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നീക്കം. അടുത്ത നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. മേയറുടെയും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

മേയറുടെ ഇപ്പോഴത്തെ ശമ്പളം 15,800 രൂപയാണ്. ഡെപ്യൂട്ടി മേയറുടെ ശമ്പളം 13,200 രൂപയും കൗണ്‍സിലറുടേത് 8,200 രൂപയുമാണ്. മേയറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ശമ്പളം തുല്യമാണ്. മുനിസിപ്പാലിറ്റി ചെയര്‍മാന് പ്രതിമാസം 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയും കൗണ്‍സിലര്‍മാര്‍ക്ക് 7,600 രൂപയുമാണ് ശമ്പളം.

50 ശതമാനം ഉയര്‍ത്തുന്നതോടെ 23,700 രൂപയാകും മേയറുടെ പ്രതിമാസ ശമ്പളം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിലവില്‍ 13,200 രൂപയാണ് ശമ്പളം. വൈസ് പ്രസിഡന്റിന് 10600 രൂപയും മെമ്പര്‍മാര്‍ക്ക് 7000 രൂപയുമാണ് ശമ്പളം. ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെ തദ്ദേശ ജനപ്രതിനിധികള്‍ക്ക് പെന്‍ഷനും അനുവദിക്കാനാണ് തീരുമാനം.

അതേസമയം ശമ്പള വര്‍ദ്ധനവും പെന്‍ഷന്‍ നല്‍കുന്നതും സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്. തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതും അധിക സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.